നവാഡ: ബീഹാറിലെ നവാഡ ജില്ലയില്‍ വെച്ച് മുസ്‌ലിം യുവതിയെയും അവരുടെ സുഹൃത്തായ ഹിന്ദു യുവാവിനെയും ഒരു സംഘം ആളുകള്‍ തടഞ്ഞുവെച്ച് ഉപദ്രവിച്ചതായി റിപ്പോര്‍ട്ട്. ഹിന്ദുത്വ അനുകൂലികളെന്ന് സംശയിക്കുന്ന ഒരു സംഘം ആളുകള്‍ യുവതിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം നിഖാബ് അഴിപ്പിക്കുകയും, സുഹൃത്തിനെക്കൊണ്ട് അവരുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയുമായിരുന്നു.
യുവതി തന്റെ സുഹൃത്തായ ഹിന്ദു യുവാവിനൊപ്പം എത്തിയതായിരുന്നു അക്രമികളെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. വീഡിയോയില്‍ യുവതി കരഞ്ഞുകൊണ്ട് അക്രമികളോട് തങ്ങളെ വെറുതെ വിടാന്‍ യാചിക്കുന്നത് കാണാം. എന്നാല്‍ അക്രമികള്‍ നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിക്കുകയും സിന്ദുരം അണിയിക്കുകയുമായിരുന്നു.
‘തെളിവ് വേണം, അതുകൊണ്ട് വീഡിയോ എടുക്കുകയാണ്’ എന്ന് അക്രമികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. തുടര്‍ന്നും അക്രമികള്‍ ഇരുവരെയും പിന്തുടരുകയും വീഡിയോ ചിത്രീകരിക്കുന്നത് തുടരുകയും ചെയ്തു.
ഈ അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയര്‍ന്നത്. സ്ത്രീ സുരക്ഷയ്ക്കും മതസൗഹാര്‍ദ്ദത്തിനും എതിരെയുള്ള കടുത്ത വെല്ലുവിളിയാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
വീഡിയോ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി അക്രമികളെ എത്രയും വേഗം തിരിച്ചറിയണമെന്നും, അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Muslim woman forced to wear sindoor in Bihar; Hindutva activists forcibly remove her niqab.