| Thursday, 7th May 2026, 12:29 pm

രാജ്യത്തെ നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നു; 2014 ന് ശേഷം എം.എല്‍.എമാരുടെ എണ്ണത്തില്‍ വലിയ ഇടിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014ന് ശേഷം രാജ്യത്തെ നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യത്തില്‍ ഇടിവ് സംഭവിക്കുന്നതായി കണക്കുകള്‍.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതിയ രാഷ്ട്രീയ ക്രമത്തില്‍ മുസ്‌ലിം ജനപ്രാതിനിധ്യം നിയമനിര്‍മ്മാണ സഭകളില്‍ കുത്തനെ കുറയുന്നത് പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ഏറ്റവും പ്രകടമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

2013ല്‍ ഇന്ത്യയിലാകെ 339 മുസ്‌ലിം എം.എല്‍.എമാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 282 ആയി ചുരുങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റവും അതിനെ പ്രതിരോധിക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പുതിയ സ്ഥാനാര്‍ത്ഥി നിര്‍ണയ തന്ത്രങ്ങളുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് മുസ്‌ലീം പ്രാതിനിധ്യത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

19 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 403 അംഗ നിയമസഭയില്‍ മുസ്‌ലിം എം.എല്‍.എമാരുടെ എണ്ണം 63ല്‍ നിന്ന് 31 എന്ന കണക്കില്‍ പകുതിയോളം കുറഞ്ഞു.

പശ്ചിമ ബംഗാളില്‍ 59 പ്രതിനിധികളുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 37 പേര്‍ മാത്രമാണുള്ളത്. ബീഹാറില്‍ മുസ്‌ലിം എം.എല്‍.എമാരുടെ എണ്ണം 19ല്‍ നിന്ന് 11 ആയി കുറഞ്ഞു.

രാജസ്ഥാനില്‍ 11 എം.എല്‍.എമാരുണ്ടായിരുന്ന സഭയില്‍ ഇന്ന് 6 പേര്‍ മാത്രമാണുള്ളത്.

മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ കാര്യമായി പരിഗണിക്കാതെ തന്നെ വലിയ ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്ന് പല സംസ്ഥാനങ്ങളിലും ബി.ജെ.പി തെളിയിച്ചിട്ടുണ്ട്. ഇത് പ്രതിപക്ഷ പാര്‍ട്ടികളെയും തങ്ങളുടെ രീതി മാറ്റാന്‍ പ്രേരിപ്പിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന ഭയത്താല്‍ ന്യൂനപക്ഷ പ്രാതിനിധ്യത്തേക്കാള്‍ ജാതി സമവാക്യങ്ങള്‍ക്ക് പ്രതിപക്ഷം മുന്‍ഗണന നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ദേശീയതലത്തില്‍ ബി.ജെ.പിക്ക് നിലവില്‍ രണ്ട് മുസ്‌ലിം എം.എല്‍.എമാര്‍ മാത്രമാണുള്ളത്. മണിപ്പൂരില്‍ നിന്നുള്ള അച്ചാബ് ഉദ്ദീനും ത്രിപുരയില്‍ നിന്നുള്ള തഫജ്ജല്‍ ഹൊസൈനും.

2021ല്‍ ബംഗാളിലും അസമിലും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച ബി.ജെ.പി, ഇത്തവണ ഒരാളെപ്പോലും രംഗത്തിറക്കിയില്ല എന്നത് ശ്രദ്ധേയമാണ്.

ഇതിന് പിന്നാലെ, തങ്ങളുടെ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അസം ബി.ജെ.പി ന്യൂനപക്ഷ സെല്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം എം.എല്‍.എമാര്‍ ഉള്ളത്, 61 പേര്‍, നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് 39 പേര്‍, തൃണമൂല്‍, സമാജ്വാദി പാര്‍ട്ടി എന്നിവിടങ്ങളില്‍ നിന്ന് 34 പേര്‍ വീതമുണ്ട്. കേരളം, ജമ്മു കശ്മീര്‍, തമിഴ്നാട് എന്നിവയാണ് മികച്ച പ്രാതിനിധ്യമുള്ള സംസ്ഥാനങ്ങള്‍.

ജനസംഖ്യാ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ നിയമസഭകളിലെ ഈ പ്രാതിനിധ്യം വളരെ കുറവാണ്. രാജ്യത്തെ മുസ്‌ലിം എം.എല്‍.എമാരുടെ എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ഗണ്യമായ കുറവ് ജനാധിപത്യത്തിലെ വൈവിധ്യത്തിന് വെല്ലുവിളിയാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Muslim representation in the country’s Legislative Assemblies is declining after 2014

We use cookies to give you the best possible experience. Learn more