മലപ്പുറം: എസ്.ഡി.പി.ഐയുമായുള്ള സഖ്യത്തിന്റെ അപകടത്തെക്കുറിച്ച് തമിഴ്‌നാട് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
തീവ്രവാദ സംഘടനകളോട് വീട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
‘ എസ്.ഡി.പി.ഐ നേതൃത്വത്തോടുള്ള ലീഗിന്റെ സമീപനത്തിന് മാറ്റമൊന്നുമില്ല, എന്നാല്‍ അതിനപ്പുറത്തേക്കുള്ള നീക്കുപോക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തമിഴ്‌നാട് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അതിന്റെ അപകടം മനസിലാക്കി കൊടുക്കുക എന്നത് ഞങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. അതിന് ഞങ്ങള്‍ മുന്നിലുണ്ടാവും,’ അദ്ദേഹം പറഞ്ഞു.
ലീഗില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയമാണെന്ന വിവാദങ്ങള്‍ക്ക് അടിത്തറയില്ലെന്നും മുസ്‌ലിം ലീഗിന് അതിന്റതായ ആശയവും ആദര്‍ശവും പ്രത്യയശാസ്ത്രവുമുണ്ടെന്നും മറ്റൊരു പ്രസ്ഥാനത്തിന്റെ ആശയം അതിനുള്ളിലേക്ക് തിരുകി കയറ്റേണ്ട ആവശ്യമില്ലെന്നും മുനവ്വവലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
‘അവരും ഈയൊരു സമുദായത്തിന്റെ ഭാഗമാണ്, അവരുടെ ആശയം അവര്‍ ഉള്‍കൊണ്ട് പോവുന്നു. മുസ്‌ലിം ലീഗ് ഒരു മതസംഘടനയല്ല രാഷ്ട്രീയ പാര്‍ട്ടിയാണ്. പക്ഷേ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിലും സംസാരിക്കുന്നതിനും മുന്നോട്ട് വന്നു എന്നതാണ്. അതുണ്ടാക്കുന്ന കണ്‍ഫ്യൂഷനാണ് ജമാഅത്തെ ഇസ്‌ലാമി ആശയമുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്,’ അദ്ദേഹം പറഞ്ഞു.
സാദിഖ് അലി തങ്ങള്‍ക്കെതിരായ വിവാദ പ്രചാരണം നടന്നപ്പോള്‍ സി.പി.ഐ.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ മാന്യത കാട്ടിയെന്നും അത് രാഷ്ട്രീയ വിവാദമാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ടി ജലീല്‍, വിജയരാഘവന്‍ അടക്കമുള്ള സി.പി.ഐ.എം നേതാക്കള്‍ അതിനെതിരെ പ്രതികരിച്ചുവെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Content Highlight: Muslim League will convince Tamil Nadu leadership of the dangers of ties with SDPI; Munavvarali Shihab Thangal