| Monday, 11th August 2025, 8:02 pm

സി.പി.ഐ.എമ്മിന്റെ മനസിലിരുപ്പ് വ്യക്തമായി, ദാറുല്‍ ഹുദക്കെതിരായ നീക്കങ്ങളെ ചെറുത്തു തോല്‍പിക്കും: മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിക്കെതിരായ സി.പി.ഐ.എമ്മിന്റെ പ്രതിഷേധത്തിലൂടെ അവരുടെ മനസിലിരുപ്പ് വ്യക്തമായെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. മുസ്‌ലിം ലീഗ് എന്തുവിലകൊടുത്തും ദാറുല്‍ ഹുദയെ സംരക്ഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

നിരവധി സ്വകാര്യവ്യക്തികള്‍ നിലം മണ്ണിട്ട് നികത്തി അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും എന്നാല്‍ അതിന് നേരെ സി.പി.ഐ.എം പ്രതികരിക്കുന്നില്ലെന്നും അബ്ദുല്‍ ഹമീദ് ആരോപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ മുസ്‌ലിം സാംസ്‌കാരിക സ്ഥാപനത്തിന് നേരെ പ്രക്ഷോഭം നടത്തിയതിലൂടെ കേരളത്തില്‍ ബജ്‌രംഗ്ദളിന്റെയും ആര്‍.എസ്.എസിന്റെയും ആവശ്യമില്ലെന്ന് സി.പി.ഐ.എം. തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘എന്തുവില കൊടുത്തും ദാറുല്‍ ഹുദയെ സംരക്ഷിക്കും. ദാറുല്‍ ഹുദക്കെതിരായ ഏത് നീക്കത്തെയും ചെറുത്തുതോല്പിക്കും. ഇത്തരം ഇസ്‌ലാമിക സാസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് മുസ്‌ലിം ലീഗ് സംരക്ഷണ കവചമൊരുക്കും. വ്യാപകമായ പ്രതിഷേധങ്ങള്‍ ഇതിന് പിന്നാലെ ഉണ്ടാകും,’ സി.പി.ഐ.എമ്മിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പി. അബ്ദുല്‍ ഹമീദ് പറഞ്ഞു.

മാലിന്യപ്രശ്‌നവും വയല്‍ നികത്തലും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റിക്കെതിരെ മാര്‍ച്ച് നടത്തിയത്. വര്‍ഷങ്ങളായി ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യജലം സമീപത്തെ ജല സ്രോതസ്സുകളെയെല്ലാം മലിനമാക്കിയെന്നാണ് പരിസരവാസികള്‍ പറയുന്നത്.

തിരൂരങ്ങാടിയിലെ മാനിപ്പാടം മണ്ണിട്ട് നികത്തുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. മാനിപ്പാടം മണ്ണിട്ട് നികത്തിയാണ് ദാറുല്‍ ഹുദ സ്ഥാപിച്ചതെന്നും സ്ഥാനം വിപുലീകരിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പാടം നികത്തല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. മുമ്പ് നെല്‍കൃഷി നടന്നിരുന്ന പ്രദേശം ഇപ്പോള്‍ അതിന് യോഗ്യമല്ലാതായിരിക്കുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

Content Highlight: Muslim League Supports Darul Huda University and opposing CPIM’s protests

We use cookies to give you the best possible experience. Learn more