| Tuesday, 23rd June 2026, 10:17 am

ലഹരിക്കെതിരെ ഓപ്പറേന്‍ തൂഫാനുമായി മുന്നോട്ടുപോകുമ്പോള്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത് വൈരുദ്ധ്യം; സര്‍ക്കാരിനെതിരെ ലീഗ്

ശ്രീരാഗ് പാറക്കല്‍

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ തൂഫാന്‍ എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് പരസ്പരവിരുദ്ധമായ സമീപനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലീഖ് മുഖ പത്രത്തില്‍ എഴുതിയ ‘പിറക്കട്ടെ, ലഹരി മുക്ത ഗ്രാമങ്ങള്‍’ എന്ന ലേഖനത്തിലൂടെയാണ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ക്യാമ്പയിനുകളും ശക്തമാക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പുതിയ മദ്യനയം പൊതുസമൂഹത്തില്‍ ആശങ്കയുണ്ടാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരിയില്‍ അധിഷ്ഠിതമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തെയാകെ ബാധിക്കുന്നതാണെന്നും നമ്മുടെ നാടുകളില്‍ നടക്കുന്ന കൊലപാതകങ്ങള്‍, മോഷണങ്ങള്‍ സ്ത്രീപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായി മാറുന്നവരില്‍ ഭൂരിഭാഗം പേരും ലഹരി ഉപയോഗിക്കുന്നവരും ഇരകളില്‍ കൂടുതലാളുകളും അത് ഉപയോഗിക്കാത്തവരുമാണെന്നും തങ്ങള്‍ പറയുന്നു.

ലഹരിയില്‍ നിന്ന് നാടിനെ മുക്തമാക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഓപ്പറേഷന്‍ തുഫാന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ 10 കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയതും ഏതാണ്ട് മുവായിരത്തോളം പേരെ അറസ്റ്റ് ചെയ്തതും എടുത്തുപറയേണ്ടതുണ്ടെന്നും അദ്ദേഹം എഴുതി.

മദ്യനയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം മുന്നണിക്കുള്ളിലും വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഏകപക്ഷീയമായാണ് തീരുമാനം കൈക്കൊണ്ടതെന്നും, എക്‌സൈസ് മന്ത്രിയെപ്പോലും ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ എം. ലിജു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ ഇല്ലാതെയാണ് തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണും വിമര്‍ശിച്ചു.

അതേസമയം പ്രശ്‌നം പാര്‍ട്ടിതല ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. കര്‍ണാടകയിലെ മദ്യലോബിക്ക് അനുകൂലമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുന്‍ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. ബജറ്റിലെ മദ്യനയത്തിനെതിരെ കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Content Highlight: Muslim League state president Sadiqali Shihab Thangal opposes government’s decision to provide tax exemption on low-strength liquor

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more