| Tuesday, 12th May 2026, 9:25 pm

ഇടത് പുറത്തുനിന്ന് പിന്തുണയ്ക്കണം, ലീഗ് സ്വന്തം നിലയ്ക്ക് മന്ത്രിസഭ രൂപീകരിക്കണം, കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകണം: യൂത്ത് ലീഗ് നേതാവ്

ആദര്‍ശ് എം.കെ.

പാലക്കാട്: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം നീളുന്നതിനിടെ, മുസ്‌ലിം ലീഗ് സ്വന്തം നിലയ്ക്ക് മന്ത്രിസഭ രൂപീകരിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് ഹസനാണ് ഫേസ്ബുക്കിലൂടെ ഇത്തരം പ്രതികരണം നടത്തിയത്.

ജനവിധി മാനിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് നിലപാടിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് നേരിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പദവി ഏറ്റെടുക്കണമെന്നും മുനീബ് ഹസന്‍ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷം ഇതിന് പുറത്ത് നിന്നും പിന്തുണ നല്‍കണമെന്നും യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും സ്വതന്ത്ര എം.എല്‍.എമാരും ഒപ്പം നില്‍ക്കണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ യൂത്ത് ലീഗ് നേതാവ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള രാഷ്ട്രിയം സമഗ്ര മാറ്റത്തിനു സമയമായി.

ജനം നല്‍കിയ മാന്റേറ്റ് പരിഗണിക്കാന്‍ തയ്യാറല്ലാത്ത കോണ്ഗ്രസ് നിലപാടിന്റെ പശ്ചാത്തലത്തില്‍ ലീഗ് സ്വന്തം നിലക്ക് മന്ത്രി സഭ രൂപീകരിക്കാന്‍ മുന്നോട്ട് വരണം.

ഇടതുപക്ഷം ഉള്‍പ്പടെയുള്ളവര്‍ പുറത്തു നിന്നും പിന്തുണ നല്‍കണം. യു.ഡി.എഫിലെ മറ്റു ഘടക കക്ഷികളും സ്വാതന്ത്ര എം.എല്‍.എമാരും ലീഗിന് പിന്തുണ നല്‍കാന്‍ തയാറായാല്‍ കേരളം കണ്ട ഏറ്റവും മികച്ച ഭരണത്തിന് കളമൊരുങ്ങും.

പി.കെ. കുഞ്ഞാലികുട്ടി കേരളത്തിന്റെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കട്ടെ എന്നാണ് എന്റെ അഭിപ്രായം.

ചൈനീസ് പഴമൊഴി പോലെ ഓരോ പ്രതിസന്ധിയും പുതിയ സാധ്യതകളുടെ വാതായനമാണ്. മുസ്‌ലിം ലീഗ് നേതൃത്വവും ഇടതു കക്ഷികളും ഇത്തരം ഒരു നീക്കത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നാണ് എന്റെ അഭിപ്രായം.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഓരോ കക്ഷിക്കും അവര്‍ അവരുടെ നിലപാട് എന്ന എം.എം. ഹസന്‍ജിയുടെ ഒക്കെ പ്രസ്താവനകള്‍ നാം ഉള്‍ക്കൊണ്ട് രാഷ്ട്രീയ തീരുമാനം എടുക്കാന്‍ സമയമായിട്ടുണ്ട്.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കോണ്‍ഗ്രസിന്റെ ‘പകിടകളി’ യു.ഡി.എഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്നും, രാപ്പകല്‍ അധ്വാനിച്ച പ്രവര്‍ത്തകരോടുള്ള നന്ദികേടാണെന്നും പാലക്കാട്ടെ മറ്റ് മുസ്‌ലിം ലീഗ് നേതാക്കളും വിമര്‍ശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലെ തര്‍ക്കം കാരണം പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ലീഗ് എം.എല്‍.എ ടി.വി. ഇബ്രാഹിമും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.

Content Highlight: Muslim League should form its own cabinet, Kunjalikutty should become Chief Minister: Youth League leader

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more