| Tuesday, 29th July 2025, 12:28 pm

സതീശനെ വനവാസത്തിന് വിടില്ല, അധികാരത്തിലെത്തുമെന്ന് ഇരട്ടി കോണ്‍ഫിഡന്‍സ്: മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിലാണ്. ഒറ്റക്കെട്ടായി യു.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു മികച്ച തിരിച്ചുവരവിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും അത് വിജയം കാണുകയും ചെയ്യും,’ സാദിഖലി തങ്ങള്‍ പറഞ്ഞു.

നൂറ് സീറ്റ് നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയോടും മുസ്‌ലിം ലീഗ് നേതൃത്വം പ്രതികരിച്ചു. അക്കാര്യത്തില്‍ വി.ഡി. സതീശനേക്കാള്‍ ഇരട്ടി കോണ്‍ഫിഡന്‍സാണ് മുസ്‌ലിം ലീഗിനുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

മികച്ച വിജയം സ്വന്തമാക്കി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവിനെ ഒരിക്കലും രാഷ്ട്രീയ വനവാസത്തിന് അയക്കില്ല എന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് വി.ഡി. സതീശന്റെ രാഷ്ട്രീയ വനവാസം ചര്‍ച്ചയായത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 98 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയാല്‍ താന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. മറിച്ചായാല്‍ പദവികളൊഴിഞ്ഞ് വി.ഡി. സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

”97 വരെ അദ്ദേഹത്തിന് സംശയമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു നേതാവ് യു.ഡി.എഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് സമ്മതിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്ത് അത് 100ന് മുകളില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,’ എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി. ഇതിന് സാധിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞതുപോലെ രാഷ്ട്രീയ വനവാസത്തിന് പോകാന്‍ തയ്യാറാണന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ വെള്ളാപ്പള്ളി സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ആജീവനാന്തം ആ സ്ഥാനത്ത് ഇരുന്നോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തനിക്ക് വെള്ളാപ്പള്ളിയോട് വിരോധമൊന്നുമില്ലെന്നും എന്തുകൊണ്ടാണ് തന്നെക്കുറിച്ച് ഈഴവ വിരോധിയെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും സതീശന്‍ പ്രതികരിച്ചു. ആര്‍ക്കുവേണ്ടിയാണ് വെള്ളാപ്പള്ളി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും സതീശന്‍ ചോദിച്ചു.

Content highlight: Muslim League says UDF will come to power in the next assembly elections

We use cookies to give you the best possible experience. Learn more