കോഴിക്കോട്: യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗണ്‍സിലായി തീവ്രഹിന്ദുത്വവാദിയായ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നില്‍ സി.പി.ഐ.എം നേതാവിന്റെ ഭര്‍ത്താവായ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ബി.ഡി.ഒ ആണെന്ന വിശദീകരണവുമായി മുസ്‌ലിം ലീഗ്.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും നിലമ്പൂര്‍ സ്വദേശിയുമായ ടി.പി. അഷ്‌റഫലിയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ജില്ല പഞ്ചായത്ത് അംഗവും സി.പി.ഐ.എം നേതാവുമായ ഷെറോണ റോയിയുടെ ഭര്‍ത്താവായ സന്തോഷാണ് ഈ നിയമനത്തിന് പിന്നിലെന്നും നിലമ്പൂര്‍ ബി.ഡി.ഒ കൂടിയായ അദ്ദേഹത്തിനാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയെന്നും ടി.പി. അഷ്‌റഫലി വ്യക്തമാക്കി.
കൃഷ്ണരാജിന് നിയമനം നല്‍കിയ നടപടി പിന്‍വലിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി, വൈസ് പ്രസിഡന്റ് റെജി എന്നിവര്‍ക്ക് മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടന്‍ കൈകൊള്ളുമെന്നും ടി.പി. അഷ്‌റഫലി വ്യക്തമാക്കി.
അതേസമയം കൃഷ്ണരാജിന്റെ നിയമനം സംബന്ധിച്ച് ടി.പി. അഷ്‌റഫലി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യാപകമായ വിമര്‍ശനമാണ് മുസ്‌ലിം ലീഗ് അണികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ അഴകൊഴമ്പന്‍ വിശദീകരണം തല്‍ക്കാലം വിശ്വസിക്കാന്‍ നിവൃത്തിയില്ലെന്നും പഞ്ചായത്ത് ഭരണം പിരിച്ചുവിടണമെന്നും ഉത്തരവാദിത്തപ്പെട്ട ആളുകളെ രാജിവെപ്പിക്കണമെന്നും ലീഗ് പ്രവര്‍ത്തകര്‍ കമന്റുകളില്‍ ആവശ്യപ്പെടുന്നുണ്ട്.
മുസ്‌ലിം ലീഗ് വഴിക്കടവ് പഞ്ചായത്ത് നേതൃത്വത്തിനെതിരെയും നടപടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിനാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ആളെ കുറ്റം പറയുന്നതെന്നും സെക്രട്ടറിയെ നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണ സമിതി പിരിച്ചുവിടുകയാണ് നല്ലതെന്നും ചിലര്‍ കമന്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയില്‍ അവരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തീവ്ര ഹിന്ദുത്വവാദിയായ അഡ്വ. കൃഷ്ണരാജിനെ സ്റ്റാന്റിങ് കൗണ്‍സിലായി നിയമിച്ചത്. മുസ്‌ലിം ലീഗ് അനുഭാവിയായിരുന്ന നിഷാദ് എന്ന അഭിഭാഷകനെ മാറ്റിയാണ് കൃഷ്ണരാജിനെ നിയമിച്ചത്. ബാബരി മസ്ജിദ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങി വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ കൈകൊണ്ട അഭിഭാഷകനാണ് അഡ്വ. കൃഷ്ണരാജ്.
content highlights: League’s explanation that CPIM leader’s husband is behind Krishnaraj’s appointment; Comment whether the panchayat president is a rubber stamp