| Monday, 16th November 2026, 8:33 am

മിശ്രവിവാഹിതരായ ഇടതുപ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്നു; കെ. റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നേരെ മുസ്‌ലിം ലീഗ് സൈബര്‍ കൂട്ടത്തിന്റെ വിദ്വേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുല്‍ത്താന്‍ ബത്തേരി: നവ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുള്ള സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വിദ്വേഷ കമന്റ്. ഇടത് പ്രവര്‍ത്തകരായ ഹരിശങ്കര്‍-റഷ്ബാന ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് പങ്കുവെച്ച പോസ്റ്റിന് നേരെയാണ് മുസ്‌ലിം വലതുപക്ഷ പ്രവര്‍ത്തകരുടെ തെറി അഭിഷേകം.

നവവധു മുസ്‌ലിമായി പോയതാണ് ഇവരെ ചൊടിപ്പിച്ചത്. കെ.എം ഷാജി പറഞ്ഞത് നേരം പോക്കിനല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും ഈ അവസ്ഥ സ്വന്തം വീട്ടില്‍ വന്നാല്‍ അറിയാം എന്നടക്കമുള്ള വിദ്വേഷ കമന്റുകളാണ് ഈ പോസ്റ്റിന്റെ കമന്റ്‌ബോക്‌സില്‍ നിറഞ്ഞിരിക്കുന്നത്.

ഇടതില്‍ ചേര്‍ന്നാല്‍ സത്യ വിശ്വാസികള്‍ക്ക് സ്വര്‍ഗം കിട്ടില്ലെന്ന് ഇതുകൊണ്ടാണ് ലീഗ് പറഞ്ഞതെന്നും ഇതിലും ഭേദം ബ്രോക്കര്‍ പണിയാണെന്നുമൊക്കെയുള്ള വിദ്വേഷ കമന്റുകളുമുണ്ട്.

വെറുതെയല്ല മക്കളെ എസ്.എഫ്.ഐയിലേക്ക് അയക്കരുതെന്ന് പറയുന്നതെന്നും ഇതാണ് മതത്തില്‍ നിന്നും ആളുകളെ അകറ്റി നിരീശ്വരവാദികള്‍ ആക്കി മതമില്ലാത്ത ലോകം സൃഷ്ടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘികളോട് കിടപിടിക്കുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനമെന്ന് കെ.എം ഷാജി പറഞ്ഞതെന്ന് ഇപ്പോള്‍ മാപ്പിള കമ്മികള്‍ക്ക് മനസിലാകുന്നണ്ടോ എന്നും കമന്റുകളുണ്ട്.

ഇതിനോട് ഒരിക്കലും പൊരുത്തപ്പെടാന്‍ പറ്റില്ലെന്നും ഇവനെ പോലുള്ളവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നടക്കമുള്ള ആഹ്വാനങ്ങളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. വെറുതെയല്ല മമ്മൂട്ടി മാറ്റി നിര്‍ത്തിയതെന്നും വിവാഹം എന്നാല്‍ രണ്ട് വ്യക്തികള്‍ മാത്രമല്ല അവരുടെ രക്ഷിതാക്കളും പങ്കെടുക്കണം സഖാക്കള്‍ക്ക് അതറിയില്ലേയെന്നും മുസ്‌ലിം ലീഗിന്റെ സൈബര്‍ പോരാളികള്‍ ചോദിക്കുന്നു.

മലബാറിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ തട്ടം ഊരി എന്നഭിമാനിക്കുന്ന പാര്‍ട്ടിയുടെ മറ്റൊരു കുതന്ത്രം അല്ലേ ഇതെന്നും കമന്റുണ്ട്. ഇത്തരത്തില്‍ ആയിരത്തിലധികം വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

Content Highlight: Muslim League’s ‘cyber army’ targets K. Rafeeq with hate following his Facebook post extending wishes to inter-community married Left activists.

We use cookies to give you the best possible experience. Learn more