തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ തള്ളി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി. നാക്കുപിഴ ആർക്കും പറ്റാമെന്നും പി.എം.എ സലാമിനെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് ഒരു രീതിയുണ്ടെന്നും വ്യക്തിപരമായി തങ്ങൾ അധിക്ഷേപിക്കില്ലെന്നും വാക്കുകൾ വളരെ സൂക്ഷിച്ചും ബഹുമാനത്തോടെയുമാണ് ഉപയോഗിക്കാറുള്ളതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.
‘ഞങ്ങൾ അതിരൂക്ഷമായി വിമർശിക്കാറുണ്ട്. പക്ഷെ ലീഗിന് ഒരു രീതിയുണ്ട് വാക്കുകൾ വളരെ സൂക്ഷിച്ചും ബഹുമാനത്തോടെയും അന്തസോടുകൂടെയുമാണ് പറയാറുള്ളത്. വ്യക്തിപരമായി ഒന്നും ഞങ്ങൾ പറയാറില്ല. പക്ഷെ ചിലപ്പോൾ എനിക്കുൾപ്പെടെ ആർക്കെങ്കിലും നാക്കുപിഴ പറ്റാം. അങ്ങനെ ഉണ്ടായാൽ പാർട്ടി അത് തിരുത്തും. അത് തിരുത്താനുള്ള ഏറ്റവും വലിയ അവകാശം പാർട്ടി പ്രസിഡന്റിന് തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.
എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കും ചിലപ്പോൾ നാക്കുപിഴ പറ്റാമെന്നും നിയമസഭയിൽ കാണാറില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സലാം നടത്തിയ പരാമർശത്തിൽ രാഷ്ട്രീയ വിമർശനങ്ങൾ ആകാമെങ്കിലും വ്യക്തി അധിഷ്‌ഠിത പരാമർശങ്ങൾ നടത്തരുതെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാന്‍ മുഖ്യമന്ത്രി തയ്യാറായതെന്നാണ് പി.എം.എ സലാം പറഞ്ഞിരുന്നത്. മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിലായിരുന്നു സലാമിന്റെ വിവാദ പ്രസ്താവന.
‘ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള, ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍ പോയി ഒപ്പിട്ടതെന്ന് പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം. ഇത് രണ്ടും കെട്ടൊരു മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയിരിക്കുന്നത് എന്നതാണ് നമ്മുടെ അപമാനം,’ എന്നായിരുന്നു പി.എം.എ സലാം പറഞ്ഞത്.
ഇന്നലെ സംസ്ഥാന സർക്കാർ നടത്തിയ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനെതിരെയും പി.കെ. കുഞ്ഞാലികുട്ടി വിമർശനമുയർത്തി. കേരളത്തിലെ ഏറ്റവും ദരിദ്രൻ ഗവൺമെന്റാണെന്ന് അദ്ദേഹം പറഞ്ഞു.
ഗവൺമെന്റിന്റെ കയ്യിൽ അത്യാവശ്യത്തിനുപോലും കാശില്ലെന്നും അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനവും അതിന്റെ യാഥാർഥ്യവും അത് ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുമൊക്കെ ജനങ്ങൾ കൂടുതൽ വിലയിരുത്തേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കേരളത്തിൽ ഏറ്റവും വലിയ അതി ദരിദ്രനുണ്ട്, അത് കേരള ഗവൺമെന്റാണ്. ആ അതി ദരിദ്രൻ ദരിദ്രനായാൽ ജനങ്ങളെ മുഴുവൻ ബാധിക്കും. ഗവൺമെന്റിന്റെ കയ്യിൽ അത്യാവശ്യത്തിനുപോലും കാശില്ല. ഈ അതി ദരിദ്രൻ എല്ലാവരെയും ബുദ്ധിമുട്ടിലാക്കും,’ കുഞ്ഞാലികുട്ടി പറഞ്ഞു.
64006 ആളുകളെ കണ്ടെത്തി അവർക്ക് വേണ്ട ആനുകൂല്യങ്ങൾ നൽകി ഇത്തരമൊരു പ്രഖ്യാപനം നടത്തിയ സർക്കാരിന്റെ ഗൂഢ പദ്ധതി ആരും അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എക്കാലത്തെയും മോശം അവസ്ഥയിലാണ് ആരോഗ്യ രംഗമെന്നും അദ്ദേഹം പറഞ്ഞു.
content Highlight: Muslim League rejects state general secretary PMA Salam for remarks against the Chief Minister