കോഴിക്കോട്: 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയ വെനസ്വലെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയെ പുകഴ്ത്തി മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക.
ഡൊണാള്‍ഡ് ട്രംപിനെയും ബെഞ്ചമിന്‍ നെതന്യാഹുവിനെയുമടക്കം കൂട്ടുപിടിച്ച് വെനസ്വലെയിലെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കാന്‍ ശ്രമിച്ച മച്ചാഡോയെ ജനാധിപത്യത്തിന്റെ ദീപമെന്ന് വിശേഷിപ്പിച്ചാണ് ചന്ദ്രികയുടെ ലേഖനം.
അതിതീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന മച്ചാഡോ, ഇസ്രഈലിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ആള്‍ കൂടിയാണ്. ഗസ വംശഹത്യയില്‍ ഇസ്രഈലിനൊപ്പം നിലകൊണ്ട മച്ചാഡോ 2018ല്‍ നിക്കോളാസ് മഡൂറോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നെതന്യാഹുവിനെ ക്ഷണിക്കുകയും ചെയ്തിരുന്നു.
വെനസ്വലെയില്‍ തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഇസ്രഈലിലെ വെനസ്വലന്‍ എംബസി ജെറുസലേമിലേക്ക് മാറ്റുമെന്നായിരുന്നു ഇവരുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.
2002ല്‍ വെനസ്വലെയുടെ പ്രിയ നേതാവ് ഹ്യൂഗോ ഷാവേസിനെതിരെ നടന്ന പരാജയപ്പെട്ട അട്ടിമറിയെയും മച്ചാഡോ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു.
2002ല്‍ മച്ചാഡോ സ്ഥാപിച്ച സുമാതെ എന്ന സംഘടന ജനങ്ങളുടെ തെരഞ്ഞെടുപ്പ് അവകാശങ്ങള്‍ സംരക്ഷിക്കാനും ജനാധിപത്യ മൂല്യങ്ങള്‍ നിലനിര്‍ത്താനും മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചു എന്ന് ലേഖനത്തില്‍ പറയുമ്പോള്‍, അമേരിക്കന്‍ ശതകോടീശ്വരന്മാര്‍ക്ക് കണ്ണിന് പിടിക്കാത്ത ഗവണ്‍മെന്റുകള്‍ക്കെതിരെ ഭരണമാറ്റ ഓപ്പറേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്ന സി.ഐ.എ പിന്തുണയുള്ള നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ഡെമോക്രസിയില്‍ നിന്ന് സുമാതെ ഗ്രാന്റുകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന വസ്തുത ലേഖനം മറച്ചുവെക്കുന്നു.
വലത് മാധ്യമങ്ങള്‍ മച്ചാഡോയെ ‘വെനസ്വലെയിലെ ഉരുക്കുവനിത’ എന്ന് വിശേഷിപ്പിക്കുന്നത് എടുത്തുപറഞ്ഞ ചന്ദ്രിക, ‘വെനസ്വലെയുടെ വെസ്റ്റേണ്‍ പപ്പറ്റ്’ എന്ന് പേരും ഇവര്‍ക്കുണ്ടെന്ന കാര്യവും മറന്നുപോയി.
ലേഖനത്തിനൊടുവിലെത്തുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനമുണ്ട്. എന്നാല്‍ തനിക്ക് ലഭിച്ച നൊബേല്‍ സമ്മാനം ട്രംപിന് സമര്‍പ്പിച്ച മച്ചാഡോയുടെ നിലപാടിനെ കുറിച്ച ഒരു തരത്തിലും ലേഖനത്തില്‍ വിമര്‍ശനമില്ല. 2024ല്‍ വെനസ്വലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ ട്രംപിനോട് സഹായമഭ്യര്‍ത്ഥിച്ചതിനെ കുറിച്ചും സൂചനകളില്ല.
മച്ചാഡോയ്ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചതിനെ വാനോളം വാഴ്ത്തുമ്പോള്‍ അവരുടെ അതിതീവ്ര വലത് നിലപാടുകളെ ഈ ലേഖനം സൗകര്യപൂര്‍വം മറക്കുകയാണ്. വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇസ്രഈലിനെ പിന്തുണയ്ക്കുന്നവരും ഫലസ്തീനെ അനുകൂലിക്കുന്നവരുമായി ലോകം വിഭജിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് മുസ്‌ലിം ലീഗ് ഉടമസ്ഥതയിലുള്ള ചന്ദ്രികയില്‍ ഇത്തരമൊരു ലേഖനം പ്രത്യക്ഷപ്പെട്ടത്.
Content Highlight: Muslim League mouthpiece Chandrika praised Venezuelan opposition leader Maria Corina Machado