മലപ്പുറം: തമിഴ്‌നാട്ടില്‍ ഡി.എം.കെയെ കൈവിട്ട് വിജയ്‌ക്കൊപ്പം ചേര്‍ന്ന നിലപാടിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. ഒരു പാര്‍ട്ടികളുടെയും പേര് പറയാതെയാണ് കെ.എന്‍.എ ഖാദര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിമര്‍ശനമുന്നയിച്ചത്.
‘ടി.വി.കെയുടെ നയമെന്ത് നിലപാടെന്ത് എന്നൊക്കെ അറിയാന്‍ സമയമെടുക്കും. അതിനൊന്നും കാത്തുനില്‍ക്കാതെ ഇന്ത്യ സഖ്യത്തിന്റെ കരുത്തുറ്റ പങ്കാളിയായ ഡി.എം.കെയെ വിട്ട് അപ്പുറത്ത് പോകുന്നത് ബുദ്ധിശൂന്യതയും സഖ്യത്തിന്റെ അജണ്ടയെ ദുര്‍ബലപ്പെടുത്തുന്നതും വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമാണ്. സഖ്യത്തില്‍ ചേര്‍ക്കാം, അത് മറ്റുള്ളവരുടെ ചെലവിലാകരുത്,’ എന്നാണ് മുന്‍ ലീഗ് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്‌യ്ക്കും ടി.വി.കെയ്ക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.എല്‍.എ ഖാദറിന്റെ പോസ്റ്റ്.
പോസ്റ്റിന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കാത്തതിന് പിന്നാലെ വിജയ് മറ്റ് പാര്‍ട്ടികളുടെ സഹായം തേടി കത്തയച്ചിരുന്നു. ഇതിനോട് ആദ്യമായി അനുകൂല പ്രതികരണം നടത്തിയ കോണ്‍ഗ്രസായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ തങ്ങള്‍ ടി.വി.കെയ്ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുക്കുകയും, അഞ്ച് എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ കരുനീക്കം. വിജയ് തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും രാജ്യസഭാ സീറ്റും നല്‍കുമെന്നായിരുന്നു തമിഴ്നാട് കോണ്‍ഗ്രസിന്റെ അവകാശവാദം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ നിലപാടിനെതിരെ ഡി.എം.കെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നും വഞ്ചിച്ചെന്നുമായിരുന്നു ഡി.എം.കെ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ചെയ്യുന്നത് പോയെലാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് തങ്ങളോട് ചെയ്തതെന്നും ഡി.എം.കെ കുറ്റപ്പെടുത്തി. പ്രമേയത്തിലൂടെയായിരുന്നു ഡി.എം.കെയുടെ വിമര്‍ശനം.
ഈ സംഭവങ്ങള്‍ക്ക് പിന്നാലെ സഭയില്‍ കോണ്‍ഗ്രസിനൊപ്പം ഇരിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് ഡി.എം.കെ എം.പി കനിമൊഴി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
‘നിലവിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ ബന്ധം അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലെ നിലവിലെ സീറ്റ് ക്രമീകരണവുമായി മുന്നോട്ട് പോകുന്നത് ഡി.എം.കെ അംഗങ്ങളെ സംബന്ധിച്ച് ഉചിതമല്ല.
ലോക്‌സഭയിലെ ഉത്തരവാദിത്തങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടിക്ക് പ്രത്യേക സീറ്റുകള്‍ അനുവദിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്പീക്കര്‍ ചെയ്യണം,’ കനിമൊഴി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സി.പി.ഐ.എം, സി.പി.ഐ എന്നിവര്‍ സ്റ്റാലിന്റെ അനുവാദത്തോടെയാണ് രാഷ്ട്രപതി ഭരണത്തെ ചെറുക്കാന്‍ ടി.വി.കെയ്ക്ക് പിന്തുണ നല്‍കിയിരുന്നത്.
Content Highlight: Muslim League leader K.N.A. Khader criticizes the stance of parties that have slandered DMK