| Monday, 14th July 2025, 8:43 am

പാര്‍ട്ടിയുടെ അഭിമാനമാകേണ്ടിയിരുന്ന മുണ്ടക്കൈ പദ്ധതി തെറ്റായി കൈകാര്യം ചെയ്തു, പി.കെ. ബഷീറിനെതിരെ ലീഗ് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി പ്രഖ്യാപിച്ച ഭവന പദ്ധതിക്ക് വേണ്ടി വാങ്ങിയ ഭൂമി നിയമകുരുക്കില്‍ പെട്ടത് പി.കെ. ബഷീര്‍ എം.എല്‍.എയുടെ വീഴ്ച മൂലമാണെന്ന് ലീഗ് നേതൃത്വത്തിന്റെ വിമര്‍ശനം. പുനരധിവാസ പദ്ധതിക്കായി ലീഗ് ചുമതലപ്പെടുത്തിയ ഉപസമിതിയുടെ കണ്‍വീനറാണ് പി.കെ. ബഷീര്‍ എം.എല്‍.എ.

11 ഏക്കര്‍ ഭൂമിക്കായി കോടികള്‍ മുടക്കി എല്ലാ കാര്യത്തിനും നേതൃത്വം നല്‍കിയതും ബഷീറായിരുന്നു. 40 കോടി രൂപ ജനങ്ങളില്‍ നിന്ന് പിരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭൂമി ഇടപാടില്‍ ബഷീര്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശനം. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബഷീറിനെ വിമര്‍ശിച്ചു.

സി.പി.ഐ(എം) ഈ വിഷയത്തെ രാഷ്ട്രീയ ആയുധമായി എടുത്തതിന് പിന്നാലെ ലീഗ് നേതൃത്വം പാര്‍ട്ടിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ മേലുള്ള നിയമക്കുരുക്ക് മറികടക്കാന്‍ നിയമോപദേശകരുടെ സഹായം തേടിയിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകരുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ ബന്ധപ്പെട്ടു.

ലീഗിന്റെ പുനരധിവാസ പദ്ധതിയുടെ ചുമതല പി.കെ. ബഷീര്‍ ചോദിച്ചുവാങ്ങുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുമായുള്ള വ്യക്തിബന്ധവും വയനാട് മണ്ഡലത്തിലെ ഏക ലീഗ് എം.എല്‍.എ എന്നിവ കണക്കിലെടുത്ത് തനിക്ക് പദ്ധതിയുടെ ചുമതല നല്‍കണമെന്ന് പി.കെ. ബഷീര്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയുടെ എല്ലാ ഭാരവും ഇതിനാല്‍ ബഷീര്‍ പേറേണ്ടതാണ്.

സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാനായിരുന്നു നേരത്തെ ലീഗിന്റെ തീരുമാനം. എന്നാല്‍ സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് പദ്ധതിയുമായി ഒറ്റക്ക് മുന്നോട്ടുപോകാന്‍ ലീഗ് തീരുമാനിക്കുകയായിരുന്നു. വയനാട് തൃക്കൈപ്പൊറ്റ വില്ലേജില്‍ വാങ്ങിയ 11 ഏക്കറില്‍ ഒരുഭാഗം കൃഷിഭൂമിയെന്നായിരുന്നു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. 11 ഏക്കറില്‍ ഒരുഭാഗം കാപ്പിത്തോട്ടമാണെന്ന് വില്ലേജ് ഓഫീസര്‍ കണ്ടെത്തിയതിന് പിന്നാലെ ഭൂവുടമകളോട് രേഖകളുമായി ഹാജരാകാനും വിശദീകരണം നല്‍കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Content Highlight: Muslim League criticize P K Basheer MLA

We use cookies to give you the best possible experience. Learn more