| Monday, 16th April 2012, 12:40 pm

ലീഗ്-കാന്തപുരം ബന്ധം പാതിവഴിയില്‍ തകര്‍ന്നു, സി.പി.ഐ.എം വീണ്ടും എ.പി വിഭാഗവുമായി അടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


സ്വന്തം ലേഖകന്‍

കോഴിക്കോട്: മുസ്‌ലിം സംഘടനകള്‍ക്ക് പൊതു പ്ലാറ്റ് ഫോം എന്ന പേരില്‍ കാന്തപുരവും ലീഗും തമ്മില്‍ രൂപപ്പെട്ടുവന്ന സംഖ്യ നീക്കം പാതിവഴിയില്‍ തകര്‍ന്നു. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്ര ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം നിര്‍ദേശിച്ചിരിക്കയാണ്. കാസര്‍ക്കോട്ടു നിന്ന് തുടങ്ങി ഇന്ന് കോഴിക്കോട്ടെത്തി നില്‍ക്കുന്ന യാത്രയുടെ പൊതു സമ്മേളനങ്ങളില്‍ ഇതുവരെ ലീഗ് നേതാക്കളാരും പങ്കെടുത്തിട്ടില്ല.

അതേസമയം കാന്തപുരവുമായി ഇടക്കാലത്ത് അകന്ന സി.പി.ഐ.എം നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് കേരളയാത്ര. കണ്ണൂര്‍ ജില്ലയില്‍ നടന്ന രണ്ട് പരിപാടികളില്‍ സി.പി.ഐ.എം നേതാക്കളായ ഇ.പി ജയരാജനും എം.വി ജയരാജനും സജീവമായി പങ്കെടുത്തു. ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തില്‍ കാന്തപുരത്തിന്റെ പ്രസ്താവന നാല് കോളം വാര്‍ത്തയായാണ് നല്‍കിയിരിക്കുന്നത്. ലീഗ് നേതാക്കള്‍ കേരള യാത്ര ബഹിഷ്‌കരിക്കുന്നുവെന്ന തലക്കെട്ടോടെയും ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലീഗ് നേതാക്കളുടെ വിട്ടുനില്‍ക്കലും സി.പി.ഐ.എം നേതാക്കളുടെ സാന്നിധ്യവും ദേശാഭിമാനിയുടെ കവറേജും വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ് കാന്തപുരം നേതാക്കള്‍ ചര്‍ച്ച നടത്തി ചില ധാരണകളിലെത്തിയിരുന്നു.  തിരഞ്ഞെടുപ്പിന് ലീഗ്- കാന്തപുരം നേതാക്കള്‍ ഇനി പരസ്പരം പരസ്യ വിമര്‍ശനം നടത്തരുത്. ഇരു സംഘടനകളുടെയും മുഖപത്രത്തില്‍ പരസ്പരം എതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത് തുടങ്ങിയവയായിരുന്നു ചര്‍ച്ചയില്‍ രൂപപ്പെട്ട കരാര്‍. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ യു.ഡി.എഫിനായിരുന്നുവെന്ന് കാന്തപുരം പരസ്യമായി പറയുകയും ചെയ്തിരുന്നു. ലീഗ് ബന്ധത്തിന് ന്യായീകരണമായി മുസ് ലിം സംഘടനകള്‍ക്ക് പൊതു പ്ലാറ്റ് ഫോം വേണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ കരാര്‍ ലംഘിച്ചുകൊണ്ട് ചന്ദ്രികയില്‍ തുടര്‍ച്ചയായി കാന്തപുരത്തിനെതിരെ ലേഖനങ്ങളും വാര്‍ത്തകളും വന്നുകൊണ്ടിരിക്കയാണ്. തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് സമസ്ത ഇ.കെ വിഭാഗം നേതാക്കളുടെ ലേഖനങ്ങളാണ് ആദ്യം ചന്ദ്രികയില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കേരളയാത്രയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത് ചന്ദ്രിക ലേഖകന്റെ റിപ്പോര്‍ട്ടും പ്രസിദ്ധീച്ചു. ഇതോടെ ഇരുവരും തമ്മിലുണ്ടാക്കിയ കരാര്‍ അസാധുവായിരിക്കയാണ്.

കാന്തപുരവുമായുള്ള ബന്ധത്തെ സമസ്ത ഇ.കെ വിഭാഗം തുടക്കം മുതല്‍ തന്നെ ശക്തമായി എതിര്‍ത്തിരുന്നു. ലീഗുമായി നേരത്തെ തന്നെ ഒട്ടി നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇ.കെ വിഭാഗം. ഇവരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കേരളയാത്ര ബഹിഷ്‌കരിക്കാന്‍ ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  കേരള യാത്രക്ക് പകരമായി ഇ.കെ വിഭാഗം സംഘടിപ്പിക്കുന്ന വിമോചന യാത്ര ലീഗിന്റെ ആശീര്‍വാദത്തോടെയാണ് നടക്കുന്നത്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ വേണ്ടി കാന്തപുരവുമായി ലീഗ് സൗഹൃദം കൂടുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനായി കാന്തപുരത്തിന്റെ സംഘടനയിലെ ഒരു വിഭാഗം നേതാക്കളെ സ്വാധീനിച്ചാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോയത്.  എന്നാല്‍ ലീഗ് ബന്ധത്തെ കാന്തപുരം വിഭാഗത്തിലെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്തുണ ഉറപ്പാക്കുകയും പിന്നീട് ഇ.കെ വിഭാഗത്തിന്റെ എതിര്‍പ്പിന്റെ പേരുപറഞ്ഞ് തളളുകയും ചെയ്യാമെന്ന് ലീഗ് നേതൃത്വേ നേരത്തെ കണക്കുകൂട്ടിയിരുന്നുവെന്ന് ചില കാന്തപുരം നേതാക്കള്‍ തന്നെ ആരോപിക്കുന്നുണ്ട്.

സി.പി.ഐ.എമ്മും കോണ്‍ഗ്രസും അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ടി പ്രതിനിധികളെയും കേരളയാത്രയുടെ സ്വീകരണപരിപാടികള്‍ക്ക് ക്ഷണിക്കുന്നുണ്ട്. നോട്ടീസിലും മറ്റും ലീഗ് നേതാക്കളുടെ പേര് അച്ചടിച്ചിരുന്നു. എന്നാല്‍ ഇ കെ വിഭാഗം കര്‍ശനിലപാട് അറിയിച്ചതോടെ സ്വീകരണപരിപാടികളില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരളയാത്രയെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ചന്ദ്രിക ദിനപത്രത്തെയും വിലക്കിയിട്ടുണ്ട്. ഇതും ഇ കെ വിഭാഗത്തിന്റെ ഇടപെടല്‍മൂലമാണ്. ചന്ദ്രികയില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാത്തതില്‍ കാന്തപുരം വിഭാഗം പ്രതിഷേധത്തിലാണ്.

അതേസമയം കേരളയാത്ര മുസ്‌ലിംലീഗ് ബഹിഷ്‌കരിച്ചതില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യൂത്ത്‌ലീഗ് സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ബഹളവും വാക്കേറ്റവുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മുസ്ലിം സംഘടനകളെ പാര്‍ടിയോട് അടുപ്പിക്കണമെന്ന ലീഗിന്റെ നയമാണ് ഇ കെ വിഭാഗത്തിന്റെ ഭീഷണിക്ക് വഴങ്ങി ഒഴിവാക്കിയതെന്ന് ഒരുവിഭാഗം വാദിച്ചു. പ്രാദേശിക തലങ്ങളിലും പലയിടങ്ങളിലും ലീഗ്-കാന്തപുരം സംഘര്‍ഷവും ഉടലെടുത്തിട്ടുണ്ട്. കേരളയാത്രയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ പലയിയടങ്ങളിലും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more