| Tuesday, 3rd June 2025, 9:39 am

സംഘപരിവാർ അനുകൂലിയായ വക്കീലിനെ ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലാക്കി മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാർ അനുകൂലിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലാക്കി മുസ്‌ലിം ലീഗ്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും തീവ്ര വർഗീയ നിലപാട് സ്വീകരിക്കുന്ന അഡ്വ. കൃഷ്ണരാജിനെയാണ് നിയമിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റേതാണ് തീരുമാനം.

വഖഫ് നിയമ ഭേദഗതിയിൽ ലീഗ് ഹരജികളെ ചോദ്യം ചെയ്ത കാസക്ക് വേണ്ടി ഹാജരാകുന്നതും കൃഷ്ണരാജാണ്. സ്ഥിരമായി സമൂഹ മാധ്യമങ്ങളിലൂടെ തീവ്ര വർഗീയ നിലപാടുകൾ പറയുന്ന വ്യക്തിയാണ് കൃഷ്ണരാജ്. അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ മതവിദ്വേഷ കേസ് നിലവിലുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ നിയോജക മണ്ഡലത്തിൽപ്പെട്ട ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് വഴിക്കടവ് പഞ്ചായത്ത്. വഴിക്കടവ് പഞ്ചായത്തിൽ കോൺഗ്രസും ലീഗും ചേർന്നാണ് ഭരണം നടത്തുന്നത്. മുസ്‌ലിം ലീഗിൽ നിന്നുള്ള ഒരു വനിതയാണ് പഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസിൽ നിന്നുള്ള മറ്റൊരാളാണ് വൈസ് പ്രസിഡന്റ്.

ലീഗ് അനുകൂലയായ ഒരു വ്യക്തിയുടെ ഭർത്താവായിരുന്ന ഇതുവരെയും സ്റ്റാൻഡിങ് കൗൺസിൽ ആയി ഉണ്ടായിരുന്നത്. അദ്ദേഹത്തെ മാറ്റിയിട്ടാണ് കഴിഞ്ഞ ദിവസം കൃഷ്ണരാജിനെ നിയമിച്ചത്.

ഇതിന് മുമ്പ് ഉണ്ടായിരുന്ന വക്കീൽ പഞ്ചായത്തിന്റെ കേസുകൾ കോടതിയിൽ നല്ല രീതിയിൽ വാദിച്ചിരുന്നില്ലെന്നും ഇപ്പോൾ നല്ലൊരു വക്കീലിനെ കിട്ടിയെന്നുമായിരുന്നു സംഭവത്തിൽ വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി.

ആലപ്പുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ഡ്രൈവർ താടി വെച്ച് വാഹനമോടിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ മതവിദ്വേഷ കേസുണ്ട്.

Content Highlight: Muslim League appoints Sangh Parivar-supporting lawyer as standing counsel in High Court

We use cookies to give you the best possible experience. Learn more