| Saturday, 22nd February 2020, 9:27 pm

ഞങ്ങള്‍ക്ക് ഹജ്ജ് യാത്രയ്ക്ക് പോവേണ്ടെന്ന് നെതന്യാഹുവിനോട് ഇസ്രഈല്‍ മുസ്‌ലിം വിശ്വാസികള്‍, കാരണമിതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവീവ്: ഇസ്രഈലില്‍ നിന്നും നേരിട്ട് സൗദിയിലെ മക്കയിലേക്ക് പോവാം എന്ന ഇസ്രഈല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ തള്ളി ഇസ്രഈല്‍ പൗരന്‍മാരായ അറബ് മുസ്‌ലിം മതവിശ്വാസികള്‍.

അറബ് രാജ്യങ്ങളുമായി സമവായത്തിലെത്താനുള്ള ഇസ്രഈല്‍ സര്‍ക്കാരിന്‍രെ ശ്രമമാണിതെന്നും ഇതിനൊപ്പം നില്‍ക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

ഇസ്രഈലില്‍ മാര്‍ച്ച് രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചാണ് ഹജ്ജ് യാത്രയ്ക്ക് ഇസ്രഈലില്‍ നിന്നും പോവാം എന്ന പ്രഖ്യാപനം വന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്‌ന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നേതാവ് മിക്കി സോഹാര്‍ ആണ് ഇസ്രഈല്‍ അറബ് മുസ്ലിം ജനതയ്ക്ക് സൗദി അറേബ്യയില്‍ മക്ക സന്ദര്‍ശനത്തിന് പോവാം എന്ന് പ്രഖ്യാപിച്ചത്.

ഇസ്രഈലിലെ ബെന്‍ ഗുര്യോന്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഹജ്ജ് യാത്രയ്ക്കുള്ള വിമാനം അനുവദിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. നിലവില്‍ ജോര്‍ദ്ദാന്‍ വഴി ഇരട്ട പൗരത്വമുള്ള ഇസ്രഈല്‍ മുസ്ലീങ്ങള്‍ക്ക് ഹജ്ജ് സന്ദര്‍ശനം നടത്താം.

ഇസ്രഈലിലെ അറബ് വോട്ടുകള്‍ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രഖ്യാപനമെന്നാണ് ഫലസ്തീന്‍ ജനത അല്‍ജസീരയോട് പ്രതികരിച്ചത്.

നേരത്തെ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ ഇസ്രഈല്‍ ഗവണ്‍മെന്റ് രാജ്യത്തെ പൗരര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇസ്രഈലിലെ ജൂതര്‍ക്കും ഇസ്ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇസ്രഈല്‍ പൗരര്‍ക്ക് തല്‍ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more