ന്യൂദല്‍ഹി: യു.കെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച് യു.എ.ഇ.
യു.കെ യൂണിവേഴ്‌സിറ്റികളിലെ ഇസ്‌ലാമിക തീവ്രവാദ സാധ്യതയാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം യു.എ.ഇ വെട്ടിക്കുറച്ചത്.
മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിക്കാന്‍ യു.കെ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യു.എ.ഇയുടെ തീരുമാനം.
യു.കെയുമായുള്ള ബന്ധം വശളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്‌കോളര്‍ഷിപ്പുകള്‍ അംഗീകരിക്കുകയും യോഗ്യതകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ആഗോള സര്‍വകലാശാലകളുടെ പട്ടികയില്‍ നിന്ന് യു.കെ സര്‍വകലാശാലകളെ യു.എ.ഇ ഒഴിവാക്കിയത്.
മുസ്‌ലിം ബ്രദര്‍ഹുഡിനെ യു.എ.ഇ നേരത്തെ തന്നെ നിരോധിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാരണം യൂറോപ്യന്‍ രാജ്യങ്ങള്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കണമെന്ന് പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
യു.കെ യൂണിവേഴ്സിറ്റികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെകുറിച്ച് യു.കെ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ നടപടി ബോധപൂര്‍വ്വമാണെന്നായിരുന്നു യു.എ.ഇ യുടെ മറുപടി.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ധനസഹായത്തോടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യു.കെ സര്‍വകലാശാലകളില്‍ ചേരാന്‍ കഴിയും.
വളരെ വിപുലമായ സര്‍ക്കാരിന്റെ പഠന ഗ്രാന്റുകളാണ് ഇത് വഴി നഷ്ടമാവുന്നത്.
യു.എ.ഇയിലെ വിദ്യാഭ്യാസ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും മുഖേന മുന്‍ഗണനാ മേഖലകളില്‍ ബിരുദം നേടുന്ന മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍, സ്റ്റെപന്റുകള്‍, യാത്ര, ആരോഗ്യം ഇന്‍ഷുറന്‍സ്, എന്നിവ ഉള്‍ക്കൊളളുന്നതാണ് യു.എ.ഇയുടെ പഠന ഗ്രാന്റുകള്‍.
2017 നും 2024നും ഇടയില്‍ യു.കെ സര്‍വകലാശാലകളില്‍ ചേര്‍ന്ന യു.എ.ഇ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായി 8,500 ആയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എന്നാല്‍ പുതിയ തീരുമാനം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുസ്‌ലിം ബ്രദര്‍ഹുഡ് തങ്ങളുടെ മതേതരവും സാമൂഹികവുമായ ലിബറല്‍ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നാരോപിച്ച് കൊണ്ടാണ് യു.എ.ഇയും മറ്റ് രാജ്യങ്ങളും ചേര്‍ന്ന് സംഘടനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ യു.കെ ക്യാമ്പസുകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന യു.എ.ഇയുടെ ആരോപണം യു.കെ തളളിക്കളഞ്ഞിട്ടുണ്ട്.
Content Highlight: Muslim Brotherhood influence; UAE cuts scholarships for students to UK universities