ന്യൂയോര്‍ക്ക്: വീണ്ടും അടിപതറി ഇലോണ്‍ മാസ്‌കിന്റെ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല. കമ്പനിയുടെ ഇന്ത്യന്‍ മേധാവി പ്രശാന്ത് മേനോന്റെ രാജിയാണ് ടെസ്‌ലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കമ്പനി ഇന്ത്യന്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രശാന്ത് മേനോന്‍ രാജിവെച്ചത്.
ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പ്രശാന്ത് മേനോന്‍ ടെസ്‌ലയില്‍ നിന്ന് രാജിവെക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് പ്രശാന്ത് മേനോന്റെ വിശദീകരണം. നാല് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രശാന്താണ്.
ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ കണ്‍ട്രി ഹെഡും ബോര്‍ഡ് ചെയര്‍മാനുമായിരുന്നു പ്രശാന്ത്. 2021ല്‍ ആണ് ഇന്ത്യയില്‍ ടെസ്ലയുടെ ആദ്യത്തെ പ്രാദേശിക ഓഫീസ് സ്ഥാപിച്ചത്. ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവിന് പിന്നില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി കൂടിയായിരുന്നു പ്രശാന്ത് മേനോന്‍.
പ്രശാന്തിന്റെ രാജിക്ക് പിന്നാലെ ടെസ്‌ലയുടെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നവര്‍ തന്നെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പ്രശാന്ത് മേനോന് പകരം പുതിയ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ നിയമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ ഇന്ത്യന്‍ തൊഴിലാളികളെ ക്ഷണിച്ചുകൊണ്ട് ടെസ്‌ല പരസ്യം നല്‍കിയിരുന്നു. കൂടാതെ മുംബൈയിലും ദല്‍ഹിയിലുമായി കമ്പനിയുടെ ആദ്യ റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ യു.എസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയിരുന്നു. വാഹനങ്ങളുടെ ഇറക്കുമതി തീരുവയിലെ ഇളവ് ഉള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിലവില്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 110% വരെയാണ് ഇന്ത്യ തീരുവ ചുമത്തുന്നത്.
അതേസമയം 2025ന്റെ ആദ്യ പാദത്തില്‍ ടെസ്‌ലയുടെ ലാഭത്തിലും വരുമാനത്തിലും വന്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലാഭം 70 ശതമാനത്തിലധികം കുറയുകയും ചെയ്തിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം, 2025 ആദ്യ പാദത്തിലെ ടെസ്‌ലയുടെ മൊത്തം വരുമാനം 19.3 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവായിരുന്നു. വിദഗ്ധര്‍ പ്രതീക്ഷിച്ചത് 21.1 ബില്യണ്‍ ഡോളര്‍ വരുമാനമായിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കമ്പനി വില കുറച്ചതാണ് വരുമാനം കുറയുന്നതിന് കാരണമായത്.
വാഹന ഡെലിവറിയിലും 13 ശതമാനം ഇടിവ് നേരിട്ടിരുന്നു. 2022ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മോശം വില്‍പനയായിരുന്നു ഇത്. 336,681 വാഹനങ്ങളാണ് ടെസ്‌ല ഡെലിവര്‍ ചെയ്തത്.
Content Highlight: Musk suffers another setback; Tesla’s Indian head resigns