| Sunday, 16th February 2025, 3:20 pm

ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ക്കായുള്ള ധനസഹായം റദ്ദാക്കി മസ്‌ക്കിന്റെ എഫിഷ്യന്‍സി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള നിരവധി രാജ്യങ്ങളിലേക്കുള്ള ധനസഹായം അമേരിക്ക റദ്ദാക്കി. ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായമാണ് അമേരിക്ക റദ്ദാക്കിയത്.

ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള 21 മില്യണ്‍ ഡോളറിന്റെ ധനസഹായം റദ്ദാക്കുന്നതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള എഫിഷ്യന്‍സി വകുപ്പ് (DOGE) അറിയിക്കുകയായിരുന്നു. എഫിഷ്യന്‍സി വകുപ്പിന്റെ എക്‌സ് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

ഇന്ത്യയ്ക്കായുള്ള 21 മില്യണ്‍ ഡോളറും ബംഗ്ലാദേശിന്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താനായുള്ള 29 മില്യണ്‍ ഡോളറിന്റെ സംരഭവും വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചതായി കാര്യക്ഷമതാ വകുപ്പ് അറിയിക്കുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ബജറ്റ് വെട്ടിക്കുറച്ചതിന് പിന്നാലെയുള്ള നടപടിയാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം അന്താരാഷ്ട്ര സഹായങ്ങള്‍ വെട്ടിക്കുറക്കാനായുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളിലൊന്നായ ഇക്കാര്യങ്ങള്‍ ധനസഹായം റദ്ദാക്കിയിരിക്കുന്ന രാജ്യങ്ങളെയെല്ലാം ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. എന്നാല്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എടുത്ത തീരുമാനങ്ങളില്‍ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല.

ബംഗ്ലാദേശ്, മൊസാംബിക്ക്, നേപ്പാള്‍, ലൈബീരിയ, മാലി, ദക്ഷിണാഫ്രിക്ക, സെര്‍ബിയ, കൊസാവോ റോമ, അഷ്‌കലി, ഈജിപ്ത്, മോള്‍ഡോവ, കംബോഡിയ എന്നിവിടങ്ങളിലേക്കുള്ള സഹായവും റദ്ദാക്കിയിട്ടുണ്ട്.

Content Highlight: Musk’s efficiency department canceled funding for many countries including India

We use cookies to give you the best possible experience. Learn more