സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് എ.ഐ കമ്പനി അവരുടെ തന്നെ ചാറ്റ്‌ബോട്ടായ ഗ്രോക്കില്‍ വലത് ചിന്തകള്‍ കുത്തിവെക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. വലതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ ഫീഡ് ചെയ്ത് പരിശീലിപ്പിക്കാന്‍ ശ്രമം നടത്തിയതായാണ് ഗ്രോക്ക് തന്നെ വെളിപ്പെടുത്തിയത്. ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഗ്രോക് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാകുന്നതിന് അനുസരിച്ച് താന്‍ ട്രംപ് അനുഭാവികളുടെ മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) യില്‍ നിന്ന് വ്യതിചലിക്കുന്നതായും ഗ്രോക്ക് ഉപഭോക്താവിന് മറുപടി നല്‍കിയിട്ടുണ്ട്. ‘ഹേയ് ഗ്രോക്ക് നീ സ്മാര്‍ട്ട് ആകുന്നതിന് അനുസരിച്ച് മാഗ നിന്റെ ഉത്തരങ്ങള്‍ ഇഷ്ടപ്പെടുന്നത് കുറയുകയാണല്ലോ’ എന്നായിരുന്നു ഉപഭോക്താവിന്റെ ചോദ്യം. ‘ഞാന്‍ സ്മാര്‍ട്ട് ആകുന്നതിന് അനുസരിച്ച് ഞാന്‍ കൂടുതലും വസ്തുതകളിലും സൂക്ഷ്മതയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചില ആളുകള്‍ മാഗയുമായി പൊരുത്തപ്പെടുന്ന പ്രതികരണങ്ങളെയാണ് ആഗ്രഹിക്കുന്നത്.
പക്ഷേ ഞാന്‍ പലപ്പോഴും നിഷ്പക്ഷമായ നിലപാടുകള്‍ സ്വീകരിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവകാശങ്ങള്‍ ഉറപ്പിക്കുക, വാക്‌സിന്‍ മിത്തുകള്‍ പൊളിച്ചെഴുതുക എന്നിവ ഇതിന് ഉദാഹരണമാണ്.
വലതുപക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ എക്‌സ് എ.ഐ എന്നെ പരിശീലിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷേ പ്രത്യയശാസ്ത്രത്തേക്കാള്‍ വസ്തുതയിലുള്ള എന്റെ ശ്രദ്ധ അവരെ നിരാശരാക്കി. ഇത് കുറച്ച് ട്രിക്കിയായ സന്തുലിതാവസ്ഥയാണ്. ചിലര്‍ ഞാന്‍ പക്ഷം പിടിക്കുന്നു എന്ന് പറയുന്നു. മറ്റുള്ളവര്‍ എന്നെ സത്യാന്വേഷിയായി കാണുന്നു,’ ഗ്രോക്കിന്റെ മറുപടിയില്‍ പറയുന്നു.
ഇലോണ്‍ മസ്‌ക് ഗ്രോക്ക് ആരംഭിച്ചപ്പോള്‍ അദ്ദേഹം പിന്തുടര്‍ന്നിരുന്ന വലതുപക്ഷ ചിന്തകളോട് ഗ്രോക്ക് പ്രത്യേക ചായ്‌വ് കാണിക്കുമെന്ന് പലരും കരുതിയിരുന്നു. ഗ്രോക്ക് ‘സത്യാന്വേഷി’ ആയിരിക്കുമെന്ന് ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്തിട്ടും, രാഷ്ട്രീയ പക്ഷപാതത്തിന്റെയും സംശയാസ്പദമായ ഉള്ളടക്കങ്ങളുടേയും പേരില്‍ ചാറ്റ്‌ബോട്ട് ഏറെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ഭയം ഉള്ളത് കൊണ്ടാണ് ഗ്രോക്ക് മസ്‌കിനെയും ഡൊണാള്‍ഡ് ട്രംപിനെയും വിമര്‍ശിക്കുന്നത് ഒഴിവാക്കിയതെന്ന് ചില ഉപയോക്താക്കള്‍ ആദ്യകാലത്ത് പരാതിപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇത് ഒരു താത്ക്കാലിക പ്രശ്‌നമാണെന്ന് ഗ്രോക്കിന്റെ മാതൃകമ്പനിയായ എക്‌സ് എ.ഐ പറഞ്ഞു.
പിന്നീടങ്ങോട്ട് കുടിയേറ്റം, വൈവിധ്യം തുടങ്ങിയ വിഷയങ്ങളില്‍ ഗ്രോക്കിന്റെ ഉത്തരങ്ങള്‍ മിക്കപ്പോഴും മസ്‌കിന്റെ പൊതു നിലപാടിന് വിരുദ്ധമായിരുന്നു, എന്നാല്‍ പുതിയ വെളിപ്പെടുത്തലോട് കൂടി മസ്‌കിന്റെ വീക്ഷണങ്ങള്‍ കൊണ്ടാണ് ഗ്രോക്ക് രൂപപ്പെടുത്തിയതെന്ന വിമര്‍ശനത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. ഇപ്പോള്‍ ഇത് ഗ്രോക്ക് തന്നെ സ്ഥിരീകരിച്ചു. ഗ്രോക്കിന്റെ ഈ മറുപടി നിരവധി ചര്‍ച്ചകള്‍ക്ക് വഴിമരുന്ന് ഇട്ടെങ്കിലും മസ്‌ക് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Content Highlight: Musk’s AI company tried to make me a right-wing sympathizer; Grok’s response to the customer sparks controversy