| Sunday, 18th May 2025, 10:50 pm

'ആഫ്രിക്കയില്‍ ഒരു ബ്രെഡിന് 50 ഡോളര്‍, ട്രാഫിക് ലൈറ്റുകളില്ല'; സുഹൃത്തിന്റെ സന്ദേശമെന്ന പേരില്‍ മസ്‌ക് പങ്കുവെച്ച പോസ്റ്റ് വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്ക ഇരുട്ടിലാണെന്നും രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നുമുള്ള സുഹൃത്തിന്റെ കുറിപ്പ് എക്സില്‍ പങ്കുവെച്ചതിന് പിന്നാലെ ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനം.

ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച ഒരു സുഹൃത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത് എന്ന കുറിപ്പോട് കൂടി ഒരു സ്‌ക്രീന്‍ഷോട്ടാണ് മസ്‌ക് പങ്കുവെച്ചത്. ഇന്നലെ (ഞായര്‍)യാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.

ദക്ഷിണാഫ്രിക്കയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ബ്രെഡിന്റെ വില 50 ഡോളറാണെന്നും അതിന് കാരണം സര്‍ക്കാരിന്റെ അഴിമതിയാണെന്നും രാത്രി സമയത്ത് നടക്കാന്‍ ജോഹനാസ്ബര്‍ഗിലൂടെ സാധിക്കില്ല, കാരണം ട്രാഫിക് ലൈറ്റുകള്‍ ഒന്നും തന്നെ വര്‍ക്ക് ചെയ്യുന്നില്ലെന്നും തുടങ്ങിയ വാദങ്ങളാണ് സന്ദേശത്തിലുള്ളത്.

കറുത്തവര്‍ഗക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ രാജ്യത്ത് വ്യാപകമായി അഴിമതിയും അക്രമവും നടത്തുന്നുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു.

എന്നാല്‍ ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചതോടെ ആഫ്രിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പോസ്റ്റിലെ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയില്‍ ഒരു ബ്രെഡ് ലോഫിന് ഒരു ഡോളറിന് താഴെ മാത്രമാണ് വിലയെന്ന ചിലര്‍ ചൂണ്ടിക്കാട്ടി. സ്ട്രീറ്റ് ലൈറ്റുകളാല്‍ അലംകൃതമായ ജോഹനാസ്ബര്‍ഗില്‍ നിന്ന് ലൈവ് വീഡിയോകള്‍ പങ്കുവെച്ചും ചിലര്‍ പ്രതികരിച്ചു.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ഗ്രോക്കിനോട് ആഫ്രിക്കയില്‍ ഒരു ബ്രെഡിന് ചെലവാകുന്ന പണം എത്രയാണെന്ന് ചോദിച്ചും ചിലര്‍ പരിഹസിച്ചു. ഗ്രോക്ക് ഈ ചോദ്യത്തിനുള്ള മറുപടി നല്‍കിയില്ലെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

ബ്രെഡ് വാങ്ങിയതിന്റെ രസീത് കൂടെ കാണിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ചിലര്‍ മസ്‌കിനെ പോലെയുള്ള ഒരാള്‍ എന്തിനാണ് ഇത്തരത്തില്‍ വസ്തുതരഹിതമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതെന്നും ചോദിക്കുന്നു.

Content Highlight: Musk’s Africa-related post, which he shared under the guise of a message from a friend, is in controversy

We use cookies to give you the best possible experience. Learn more