താന്‍ മദ്യപാനശീലം നിര്‍ത്തിയത് നടി സായ് പല്ലവി കാരണമാണെന്ന് സംഗീത സംവിധായകന്‍ സുരേഷ് ബൊബ്ബിളി. സായ് പല്ലവിയുടെ ഒറ്റ ഫോണ്‍ കോള്‍ തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷിന്റെ പ്രതികരണം.
വിരാട പര്‍വ്വം എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സിനിമ തന്നിലേക്ക് വീണ്ടും വന്നുവെന്നും സിനിമയിലെ നായികയായ സായ് പല്ലവി തന്നെ പിന്തുണക്കുകയുണ്ടായെന്നും സുരേഷ് പറഞ്ഞു.
‘സിനിമയില്‍ പാട്ടിന്റെ അവസാന മിക്‌സിങ് പൂര്‍ത്തിയായപ്പോള്‍ എനിക്കൊരു കോള്‍ വന്നു. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കോളായിരുന്നു അത്. സായ് പല്ലവിയായിരുന്നു വിളിച്ചത്. വിരാട പര്‍വ്വം റിലീസ് ആയിക്കഴിഞ്ഞാല്‍ ആദ്യം അഭിനന്ദനം ഏറ്റുവാങ്ങുന്നത് നിങ്ങളായിരിക്കും എന്ന് അന്ന് സായ് പല്ലവി പറഞ്ഞു.
അതിന് ശേഷം മാത്രമേ സിനിമയിലെ അഭിനേതാക്കള്‍ക്ക് പോലും അഭിനന്ദനം ലഭിക്കുവെന്നും സായ് പറഞ്ഞു. നിങ്ങളുടെ ജോലികളില്‍ അലംഭാവം കാണിക്കരുതെന്നും കഠിനാധ്വാനം ചെയ്യാനും സായ് പറഞ്ഞു. മദ്യം പോലുള്ള വികാരങ്ങളെ ഒഴിവാക്കുക, എന്നാല്‍ നിങ്ങള്‍ക്ക് നല്ല പേര് നേടാന്‍ കഴിയുമെന്നും സായ് പല്ലവി എന്നോട് പറഞ്ഞു,’സുരേഷ് ബൊബ്ബിളി പറയുന്നു.
ഒരു താരം തന്റെ ജോലിയെ പിന്തുണയ്ക്കുക മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയില്‍ തന്നെ പരിപാലിക്കുകയും ചെയ്തപ്പോള്‍, അത് തന്റെ ജീവിത തെരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നും സുരേഷ് പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ വളരണമെങ്കില്‍ ലഭിച്ചതിനെ വിലമതിക്കേണ്ടത് ആവശ്യമാണെന്ന് അപ്പോള്‍ മനസിലായെന്നും പിന്നെ മദ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നും സുരേഷ് ബൊബ്ബിളി കൂട്ടിച്ചേര്‍ത്തു.
Content Highlight: Music director Suresh Bobbili says that he quit drinking because of actress Sai Pallavi