| Friday, 9th October 2015, 5:47 pm

പ്രമുഖ സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രമുഖ സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജന്മനാ അന്ധനായ ഇദ്ദേഹം ഹിന്ദിക്ക് പുറമെ മലയാളം സിനിമകള്‍ക്കും സംഗീതം പകര്‍ന്നിട്ടുള്ള സംഗീത സംവിധായകനാണ്. രാമായണം ഉള്‍പ്പെടെയുള്ള നിരവധി ടെലിവിഷന്‍ പരിപാടികള്‍ക്കും സംഗീതം നല്‍കിയ അദ്ദേഹം ഒട്ടേറെ ഗസലുകളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും സംഗീതസംവിധാന രംഗത്ത് സജീവമായിരുന്നു ഇദ്ദേഹം. സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മലയാള ചലച്ചിത്രങ്ങള്‍ക്കാണ് ഇദ്ദേഹം സംഗീതം നല്‍കിയിട്ടുള്ളത്.

ഗാനഗന്ധര്‍വന്‍ യേശുദാസിനെ ബോളിവുഡ് സിനിമാലോകത്തിന് പരിചയപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു. യേശുദാസിന് ദേശീയ അവാര്‍ഡ് ലഭിച്ച സൂപ്പര്‍ഹിറ്റ് ഹിന്ദി ഗാനം “ഗോരി തേരാ ഗാവ് ബഡാ പ്യാരാ”, ജബ് ദീപ് ജലേ ആനാ തുടങ്ങിയ ഗാനങ്ങള്‍ രവീന്ദ്ര ജയിന്‍ ഈണം പകര്‍ന്നവയാണ്.

നാഗ്പൂരില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞയാഴ്ച എത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ പരിപാടി അവതരിപ്പിച്ചില്ല. തുടര്‍ന്ന് ബുധനാഴ്ച എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ ലീലാവതി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാര്യ ദിവ്യയും സഹോദരന്‍ മഹീന്ദ്രയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more