| Saturday, 26th September 2026, 12:12 pm

നായകനും നായികയും കെട്ടിപ്പിടിക്കുന്ന ക്ലൈമാക്‌സില്‍ 'യവനകഥയില്‍' മുഴുവനായി ഇട്ടിരുന്നെങ്കില്‍ ഇരട്ടി ഇംപാക്ട് കിട്ടിയേനെ: ഔസേപ്പച്ചന്‍

ആര്യ.പി

പഴയൊരു പാട്ട്, പുതിയൊരു സിനിമ, അതിന് പിന്നില്‍ മറ്റൊരു കഥ. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ‘യവനകഥയില്‍ നിന്ന് വന്ന…’ എന്ന ഗാനം എത്തിയപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. റിലീസാകാതെ പോയ സിനിമയിലെ ഒരു ഗാനം ഇന്നത്തെ തലമുറവരെ ഏറ്റുപാടുമ്പോള്‍ സംഗീത സംവിധായകനെന്ന നിലയില്‍ ഔസേപ്പച്ചനും അതൊരു അഭിമാന നിമിഷമായി.

എന്നാല്‍ ആ ഗാനം സിനിമയില്‍ എത്തിയ രീതിയെക്കുറിച്ച് അദ്ദേഹത്തിന് തന്നെ ഒരു അഭിപ്രായമുണ്ട്. ‘അവസാനത്തില്‍ ആ പാട്ട് മുഴുവനായി വന്നിരുന്നെങ്കില്‍ സിനിമയുടെ ഇംപാക്ട് ഇരട്ടിയായേനെ” എന്നാണ് ഔസേപ്പച്ചന്‍ പറയുന്നത്.

‘അവരുടെ പ്രണയം പൂവിടാന്‍ കാരണമായ പാട്ടാണത്. അവസാനം മുഴുവനായി ഇട്ടിരുന്നെങ്കില്‍ സിനിമയുടെ ഇംപാക്ട് ഇരട്ടിയായേനെ’ എന്നാണ് ഔസേപ്പച്ചന്‍ പറയുന്നത്.

ഗിരീഷ് എ.ഡി സിനിമകളില്‍ പൊതുവെ പഴയകാല സിനിമാ ഗാനങ്ങള്‍ക്ക് ഒരിടം കൊടുക്കാറുണ്ട്. ‘യവനകഥയില്‍ നിന്ന് വന്ന…’ എന്ന് തുടങ്ങുന്ന ആ ഗാനം സിനിമയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലും അതേക്കുറിച്ച് ചര്‍ച്ചകളുണ്ടായി.

സിനിമ ആദ്യ ദിവസം തന്നെ കണ്ട തനിക്ക് ചിത്രം ഇഷ്ടമായെന്നും, എന്നാല്‍ ആ പാട്ടിന് സിനിമയില്‍ കുറച്ചുകൂടി പ്രാധാന്യം നല്‍കാമായിരുന്നുവെന്ന തോന്നലുണ്ടായിരുന്നെന്നും ഔസേപ്പച്ചന്‍ പറയുന്നു.

”ഞാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു. സിനിമ എനിക്ക് ഇഷ്ടമായി. പാട്ടിനെ ഓര്‍മിപ്പിക്കുന്ന ഒരു സീന്‍ അതില്‍ വന്നു. കുറച്ചുകൂടിയൊക്കെ ഉള്‍പ്പെടുത്താമായിരുന്നു എന്ന് എന്റെ മനസില്‍ തോന്നി. സ്‌ക്രിപ്റ്റ് അതിന് അനുവദിച്ചിട്ടുണ്ടാവില്ല. അറ്റ് ലിസ്റ്റ് അതിന്റെ എന്‍ഡില്‍, ഇവരുടെ പ്രണയം പൂവിടുന്നതിന് കാരണമായ പാട്ടാണല്ലോ, അവിടെ അത് മുഴുവനായി ഇടാമായിരുന്നു’ ഔസേപ്പച്ചന്‍ പറഞ്ഞു.

സിനിമയുടെ അവസാനത്തില്‍ എല്ലാ തടസങ്ങളും നീങ്ങി നായകനും നായികയും ഒന്നിക്കുന്ന രംഗത്തിനൊപ്പം ആ പാട്ട് മുഴുവനായി റോളിങ് ടൈറ്റിലായി നല്‍കിയിരുന്നെങ്കില്‍ സിനിമയ്ക്ക് ലഭിക്കുന്ന ഇംപാക്ട് മറ്റൊരു തലത്തിലായിരുന്നേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘പടത്തിന്റെ ഒടുവില്‍ എല്ലാ തടസങ്ങളും നീങ്ങി ഇവര്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നിടത്ത് റോളിങ് ടൈറ്റിലായി ഈ പാട്ട് മുഴുവനായി ഇട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഉണ്ടായതിന്റെ ഒരു ഇരട്ടി ഇംപാക്ട് ഉണ്ടായേനെ. പാട്ടിനല്ല, പടത്തിന്,” ഔസേപ്പച്ചന്‍ പറഞ്ഞു.

പഴയ പാട്ടുകള്‍ക്ക് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത് അവയുടെ റെട്രോ ഫീല്‍ കൊണ്ട് മാത്രമല്ലെന്നാണ് ഔസേപ്പച്ചന്റെ അഭിപ്രായം.

”പഴയ പാട്ടുകള്‍ക്ക് ഇപ്പോഴും ആസ്വാദകര്‍ ഉണ്ടാകുന്നത് അതിന്റെ റെട്രോ ഫീല്‍ കൊണ്ടല്ല. ഈ പാട്ട് വേണമെങ്കില്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്ത പാട്ടായിട്ട് വേണമെങ്കില്‍ എടുക്കാം. കാരണം അതിനങ്ങനെ പഴയ കാലഘട്ടത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ ഒന്നുമില്ല. യൂണിവേഴ്സല്‍ ആയിട്ടുള്ള ഓര്‍ക്കസ്ട്രേഷനാണ് ചെയ്തത്. വെസ്റ്റേണ്‍ ക്ലാസിക്കലും ഇന്ത്യന്‍ ക്ലാസിക്കലും പുതിയ കാലം, പഴയകാലം എന്നൊന്നും ഇല്ലല്ലോ,’ അദ്ദേഹം വിശദീകരിച്ചു.

ഒരു രാഗത്തിന്റെ സ്വഭാവം കാലം മാറിയാലും മാറാത്തതുപോലെ തന്നെയാണ് ഈ ഗാനത്തിന്റെയും പ്രത്യേകതയെന്നും ഔസേപ്പച്ചന്‍ പറയുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെയും വെസ്റ്റേണ്‍ ക്ലാസിക്കലിന്റെയും ഘടകങ്ങള്‍ ഇണക്കിച്ചേര്‍ത്താണ് ഗാനത്തിന്റെ മെലഡിയും ഓര്‍ക്കസ്ട്രേഷനും ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു രാഗം എടുത്താല്‍ എന്നും ഒരേ പോലെയല്ലേ. അത് റീ യൂസ് ചെയ്യുന്നു. ഇത് രണ്ടും ഇണക്കിച്ചേര്‍ത്ത പാട്ടിന്റെ മെലഡിയും കംപ്ലീറ്റ് ഓര്‍ക്കസ്ട്രേഷനും. അതില്‍ പഴയത്, പുതിയത് എന്നുള്ളത് വരില്ല,” ഔസേപ്പച്ചന്‍ പറഞ്ഞു.

തന്റെ പഴയ ഗാനത്തിന് അന്ന് വലിയ രീതിയിലുള്ള പൊതുശ്രദ്ധ ലഭിക്കാതെ പോയതിനെക്കുറിച്ചും ഔസേപ്പച്ചന്‍ ഓര്‍ത്തെടുത്തു. സിനിമ പുറത്തിറങ്ങിയാല്‍ മാത്രം പാട്ടിനും വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുമായിരുന്ന കാലമായിരുന്നു അതെന്നും, അന്ന് സോഷ്യല്‍ മീഡിയയോ യൂട്യൂബോ ഇല്ലായിരുന്നതുകൊണ്ട് പാട്ട് വലിയൊരു വിഭാഗം ആളുകളിലേക്ക് എത്തിയില്ലെന്നും അദ്ദേഹം പറയുന്നു.

‘ഈ പാട്ട് ഇഷ്ടപ്പെട്ട ചുരുക്കം ചിലരുണ്ടായിരുന്നു. പടം വന്നാല്‍ മാത്രമേ പാട്ട് പബ്ലിക്കാവുകയുള്ളൂ. മാസ് അപ്രിസിയേഷന്‍ കിട്ടുള്ളൂ. അങ്ങനെ ആവാത്തതുകൊണ്ട് ഓഡിയോ മാത്രം കേട്ട് ചിരിച്ച ആളുകളുണ്ട്. നമ്മള്‍ എത്ര കോടിയാളുകളുണ്ട്. അതില്‍ ഒരു ആയിരം പേരുണ്ടാകും. അവര്‍ക്ക് അത് ഭയങ്കരമായി ഇഷ്ടമായിട്ടുണ്ട്. പക്ഷേ അത് അന്ന് പുറത്താരും കേട്ടില്ല. ആരും ശ്രദ്ധിച്ചില്ല. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയോ യൂട്യൂബോ ഇല്ല. ഈ പാട്ടൊക്കെ ഞാന്‍ എന്റെ മനസില്‍ നിന്ന് കുഴിച്ചുമൂടിയതാണ്,’ ഔസേപ്പച്ചന്‍ പറഞ്ഞു.

ഈ പാട്ട് മാത്രമല്ല, ആ സിനിമയിലെ എട്ട് ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Music Director Ousepachan about yavanakadhayile Song Placement on BKU

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more