| Thursday, 31st July 2025, 1:06 pm

ഒരു ഷോയ്ക്ക് അരിജിത് സിങ്ങിന്റെ പ്രതിഫലം 14 കോടിയോ? ഉത്തരവുമായി മോണ്ടി ശര്‍മ

ഹണി ജേക്കബ്ബ്

തന്റെ പ്രിയഗായകന്റെ ശബ്ദം നേരിട്ട് കേള്‍ക്കാനും അദ്ദേഹത്തെയൊന്ന് കാണാനുമായി വേദിക്ക് മുന്നില്‍ ഒന്നിച്ച് കൂടുന്ന ആയിരക്കണക്കിന് ആരാധകര്‍. അതിനിടയിലേക്ക് മനോഹരമായ ശബ്ദത്തില്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ മതിവരുവോളം പാടികൊടുക്കാന്‍ അരിജിത് സിങ്ങ് എത്തുന്നു. ‘തും ഹി ഹോ……’ എന്ന ആഷിഖി 2 വിലെ പാട്ട് അരിജിത് പാടുമ്പോള്‍ ഇളകി മറിയുന്ന സദസ്.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അരിജിത് സിങ്ങിന്റെ കോണ്‍സേര്‍ട്ടിന് കാണുന്ന സ്ഥിരം കാഴ്ചയാണിത്. എവിടെ കോണ്‍സേര്‍ട്ട് വെച്ചാലും വേദിക്ക് മുന്‍മ്പാകെ തിങ്ങി നിറഞ്ഞുള്ള കാണികളാണ് അദ്ദേഹത്തെ കാത്തിരിക്കാറുള്ളത്. ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുന്നവരും ഏറെ.

ഇങ്ങനെ ആയിരങ്ങള്‍ എത്തുന്ന ഒരു കോണ്‍സേര്‍ട്ടില്‍ അരിജിത്തിന് എത്ര രൂപ കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ മോണ്ടി ശര്‍മ. ലാലന്റോപ്പുമായുള്ള ഒരു അഭിമുഖത്തില്‍ താരത്തിന്റെ അതിശയിപ്പിക്കുന്ന പ്രതിഫല തുക വെളിപ്പെടുത്തിയിരിക്കുകയാണ് മോണ്ടി ശര്‍മ.

ആദ്യമെല്ലാം രണ്ട് ലക്ഷം രൂപയുണ്ടെങ്കില്‍ ഒരു അടിപൊളി പാട്ട് തയ്യാര്‍. നാല്‍പ്പതോളം വയലിനിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഒരു ഫുള്‍ ഓര്‍ക്കസ്ട്രയും ഗായകനും ഗായികയും ഉള്‍പ്പെടെ ആകെ ചെലവ് വെറും രണ്ട് ലക്ഷം. മോണ്ടി ശര്‍മ ഒരു പാട്ട് ചെയ്യുന്നതിന് വാങ്ങിയത് പോലും 35,000 രൂപയാണത്രെ!

ഇനി അരിജിത് സിങ്ങിലേക്ക് വരാം. ഒരു ഷോ ചെയ്യുന്നതിന് ഗായകന്‍ വാങ്ങുന്നത് രണ്ട് കോടി രൂപയാണ്. രണ്ട് കോടി കൊടുത്താല്‍ ആറ് മണിക്കൂറോളമുള്ള ഷോയിലേക്ക് നിങ്ങള്‍ക്ക് അരിജിത്തിനെ ബുക്ക് ചെയ്യാം.

‘ആദ്യ കാലത്ത് റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ മാത്രമാണ് ആളുകള്‍ക്ക് ഒരു പാട്ട് കേള്‍ക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ പപാട്ടുകാര്‍ക്ക് ഫാന്‍സ് കുറവായിരിക്കും. എന്നാല്‍ ഇന്ന് ഒ.ടി.ടിയും യൂട്യൂബുമെല്ലാം വന്നതിന് ശേഷം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇഷ്ടമുള്ളത്ര പാട്ടുകള്‍ കേള്‍ക്കാം. ഇത് പാട്ടുകാരന് ഫാന്‍സിനെ കൂട്ടാന്‍ സഹായിക്കും,’ മോണ്ടി ശര്‍മ പറഞ്ഞു.

ആരാധകര്‍ കൂടുന്നതിനനുസരിച്ച് ഗായകനോ നടനോ താരമാകുമെന്നും താരത്തിന് ഇഷ്ടമുള്ള തുക പറയാമെന്നുമാണ് ശര്‍മയുടെ പക്ഷം.

സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് മോണ്ടി ശര്‍മ. ഒരുപാട് ആരാധകരുള്ള റാം ലീല എന്ന സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ശര്‍മയാണ്. സാവരിയയിലെ ‘ജബ് സി തേരി നേനാ…’ എന്ന പാട്ടിന്റെ പിന്നിലും മോണ്ടി ശര്‍മയാണ്.

എന്നാല്‍ രണ്ട് മണിക്കൂറുള്ള ഒരു ഷോയ്ക്ക് പതിനാല് കോടിയാണ് അരിജിത് സിങ്ങ് വാങ്ങുന്നതെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ഗായകന്‍ രാഹുല്‍ വൈദ്യ പറഞ്ഞിരുന്നു.

Content Highlight: Music director Monty Sharma reveals how much Arijit Singh charges for a show

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more