മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഒമ്പത് തവണ നേടിക്കൊണ്ട് മലയാളികള്‍ക്ക് ഒട്ടനവധി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച സംഗീതഞ്ജനാണ് എം.ജയചന്ദ്രന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1992 ല്‍ പുറത്തിറങ്ങിയ വസുധ എന്ന ചിത്രത്തിലൂടെ പിന്നണിഗായകനായി കരിയര്‍ ആരംഭിച്ച ജയചന്ദ്രന്‍ 1995ല്‍ പുറത്തിറങ്ങിയ ചന്ത എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
ഇപ്പോഴിതാ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ വാഴ 2വിനെയും ഭരതനാട്യം 2 മോഹിനിയാട്ടത്തെയും കുറിച്ച് ജയചന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും സംഗീതത്തിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടതിനെ കുറിച്ചും വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന രീതികളെ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ജയചന്ദ്രന്‍. Photo: Wikipedia
‘വാഴ 2 എന്ന ചിത്രം ഞാന്‍ കഴിഞ്ഞയാഴ്ച്ച കണ്ടതാണ്. എനിക്ക് അതിന്റെ മ്യൂസിക് ഒരുപാട് ഇഷ്ടമായി. അതുപോലെ തന്നെ മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇതെല്ലാം ഇന്നോവേഷന്‍സ് ഉണ്ട് എന്നതിന്റെ തെളിവാണ്. വ്യവസ്ഥാപിതമായ അല്ലെങ്കില്‍ ഇത്രയും കാലം ചെയ്തുവന്ന രീതികള്‍ തന്നെയേ ചെയ്യുള്ളൂ എന്ന രീതി ഒഴിവാക്കണം. എനിക്ക് ശേഷം പ്രളയം എന്ന് വിചിരിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല.
കാലം മാറിക്കൊണ്ടിരിക്കും, പുതിയ പുതിയ ആര്‍ട്ടിസ്റ്റ് വരും പുതിയ സിങ്ങേഴ്‌സ് വരും, പുതിയ സംവിധായകര്‍ വരും, പുതിയ സിനിമ വരും. അപ്പോഴും നമ്മള്‍ പഴയകാലത്തിന്റെ ഓര്‍മകളില്‍ ഇങ്ങനെ ജീവിച്ചിരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. അങ്ങനെ സ്റ്റക്കായിട്ടുള്ള ഒരുപാട് പേരെ ഞാന്‍ കാണാറുണ്ട്. ഇപ്പോഴും എണ്‍പതുകളില്‍ മാത്രം ജീവിക്കുന്ന എണ്‍പതുകളിലെ പാട്ടുകള്‍ മാത്രം കേള്‍ക്കുന്ന അതാണ് പരമോന്നത സ്ഥനം കൊടുക്കേണ്ട ഗാനങ്ങള്‍ എന്ന് കരുതുന്ന ആളുകളുണ്ട്.
എം.ജയചന്ദ്രന്‍. Photo: Manorama Online
തീര്‍ച്ചയായും ഒരുപാട് മഹത്തരമായ ഗാനങ്ങളുണ്ട്. അതിനെ പറ്റിയില്ല ഞാന്‍ പറയുന്നത്. അതിന്റെ അര്‍ത്ഥം ഈ കാലം നല്ലതല്ലെന്നോ ഈ കാലത്ത് ക്രിയേറ്റ് ചെയ്യപ്പെടുന്നത് നല്ലതെല്ലന്നോ അല്ല. ഒരുപാട് ബ്യൂട്ടിഫുള്‍ സോങ്‌സ് ഇപ്പോള്‍ വരുന്നുണ്ട്,’ ജയചന്ദ്രന്‍ പറഞ്ഞു.
Content Highlight: Music director M Jayachandran talks about vaazha 2 and Mohiniyattam and Innovation in Malayalam cinema music