| Monday, 7th July 2025, 9:36 am

പൃഥ്വിരാജിന്റെ വോയ്‌സിനൊരു സ്വാഗുണ്ട്; വിനീതേട്ടന്‍ തന്നെയാണ് അദ്ദേഹത്തെ സജസ്റ്റ് ചെയ്തത്: ഹിഷാം അബ്ദുള്‍ വാഹബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നയാളാണ് ഹിഷാം അബ്ദുള്‍ വഹാബ്. വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ് ഹിഷാം ശ്രദ്ധേയനായത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഹൃദയത്തിലൂടെ ഹിഷാം സ്വന്തമാക്കി. ഹൃദയത്തിന് ശേഷം തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ തിരക്കുള്ള സംഗീത സംവിധായകനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഹൃദയം സിനിമയില്‍ ‘താതക തേയ്താരെ’എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിരാജുമായി വര്‍ക്ക് ചെയ്യുമ്പോഴുള്ള അനുഭവവും മറ്റ് വിശേഷങ്ങളും പങ്കുവെക്കുകയാണ് ഹിഷാം ഇപ്പോള്‍. പൃഥ്വിരാജിന്റെ കൂടെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നെന്നും ആടുജീവിതത്തിന്റെ ഷൂട്ടിന്റെ ഇടക്കാണ് അദ്ദേഹം ഹൃദയത്തില്‍ പാടാന്‍ വരുന്നതെന്നും ഹിഷാം പറഞ്ഞു. വിനീതാണ് പൃഥ്വിരാജിനെ സജസ്റ്റ് ചെയ്തതെന്നും താന്‍ അതില്‍ പൂര്‍ണമായും ഒക്കെ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഹായ് നാന എന്ന സിനിമയില്‍ ധ്രുവ് വിക്രമും ശ്രുതി ഹാസനും പാടിയുട്ടുണ്ടെന്നും അവര്‍ക്കൊപ്പവും വളരെ നല്ലൊരു അനുഭവമായിരുന്നുവെന്നും ഹിഷാം കൂട്ടിച്ചേര്‍ത്തു. ശ്രുതി ഹാസാന്‍ നല്ലൊരു ഗായികയാണെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു ഹിഷാം.

‘പൃഥ്വിരാജിന്റെ കൂടെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. ആടുജീവിതം ഷൂട്ടിന്റെ സമത്ത് ഒരു ബ്രേക്ക് കിട്ടുമ്പോഴാണ് ഇവിടേക്ക് വരുന്നത്. വിനീതേട്ടന്‍ എന്റെയടുത്ത് ചോദിച്ചു നമ്മുക്ക് ഇത് പൃഥ്വിരാജിനെ കൊണ്ട് പാടിച്ചാലോ എന്ന്. ഞാന്‍ ഡബിള്‍ ഓക്കെയായിരുന്നു. വിനീതേട്ടനാണ് സജസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റ വോയിസിനൊരു ഭയങ്കര സ്വാഗ് ഉണ്ട്. അങ്ങനെ പുള്ളി സ്റ്റുഡിയോയില്‍ വന്നു. ഒരു സിങ്ങര്‍ പാടുന്ന രീതിയില്‍ തന്നെ ആ പാട്ട് കേട്ട് പ്രേക്ടീസ് ചെയ്തു പാടി.

എന്നിട്ട് എന്റെയടുത്ത് പറഞ്ഞു. ‘ഹിഷാം എത്ര വേണമെങ്കിലും പാടാം ഒരു പ്രശനവുമില്ല. ജസ്റ്റ് ബി യുവര്‍ സെല്‍ഫ്’ എന്ന്. അത് നല്ലൊരു അനുഭവമായിരുന്നു. ഹായ് നാന എന്ന സിനിമയില്‍ ധ്രുവ് വിക്രമും ശ്രുതി ഹാസനും പാടിയിട്ടുണ്ട്. അതൊക്കെ നല്ല എക്‌സ്പീരിയന്‍സായിരുന്നു. ശ്രുതി ഹാസന്‍ ഒരു അടിപൊളി ആര്‍ട്ടിസ്റ്റാണ്. അവരുടെ പാട്ടിന്റെ റേഞ്ച് വേറെ തന്നെയാണ്,’ഹിഷാം പറയുന്നു.

Content Highlight: Music director  Hesham shares his experience with Prithviraj in  hridayam movie

We use cookies to give you the best possible experience. Learn more