2026 ല്‍ സര്‍വ്വം മായക്ക് ശേഷം മലയാളി കുടുംബപ്രേക്ഷകരെ ഒട്ടാകെ തിയേറ്ററുകളിലെത്തിച്ച് മികച്ച ദൃശ്യവിരുന്നൊരുക്കുകയാണ് സവിന്‍ സായുടെ സംവിധാനത്തിലൊരുങ്ങിയ വാഴ 2. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇതിനോടകം 210 കോടിയിലധികം നേടി മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റിലേക്കുള്ള യാത്രയിലാണിപ്പോള്‍.
വിപിന്‍ ദാസ് തിരക്കഥയെഴുതി നിര്‍മിച്ച ചിത്രത്തിലെ പുതുമുഖ അഭിനേതാക്കളും കഥ പറച്ചിലുമെല്ലാം പുതുമയുള്ള അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. 2024ല്‍ പുറത്തിറങ്ങിയ വാഴയുടെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം മികച്ച ഗാനങ്ങള്‍ കൂടിയായിരുന്നു മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്. ഒമ്പത് പുതുമുഖ സംഗീതസംവിധായകര്‍ ചേര്‍ന്ന് പത്ത് ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഒരുക്കിയിരുന്നത്.
വാനില ചെടിയേ. Photo: Think Music
ഇതില്‍ വാനിലച്ചെടിയേ, അട ബൊമ്മാലേ, തമ്മില്‍ പിണങ്ങി പോവല്ലേ, തുടങ്ങി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സിനെ സൃഷ്ടിച്ച ഗാനമായിരുന്നു ഹാറ്റ്‌സ്മിത്തെന്ന ആര്‍ട്ടിസ്റ്റ് നെയിമില്‍ അറിയപ്പെടുന്ന രജത് പ്രകാശ് എഴുതി സംഗീതസംവിധാനം നിര്‍വഹിച്ച വാനില ചെടിയേ. യൂട്യൂബില്‍ മാത്രം ഇതിനോടകം എഴുപത് ലക്ഷത്തിലധികം ആളുകള്‍ കേട്ട ഗാനം റീലുകളിലും ട്രെന്‍ഡിങ്ങാണ്.
കഴിഞ്ഞ ദിവസം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാനത്തിന്റെ വരികളെഴുതിയതിനെക്കുറിച്ച് ഹാറ്റ്‌സ്മിത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗാനത്തിന്റെ ഒരു ഭാഗത്ത് വരുന്ന പച്ചത്തുള്ളന്‍, മീലിമുട്ട, ഇലപ്പേന്‍ തുടങ്ങിയ വാക്കുകള്‍ കേട്ട് വിപിന്‍ ദാസടക്കമുള്ളവര്‍ എവിടെ നിന്നാണ് ഇത്തരത്തിലുള്ള വാക്കുകള്‍ കിട്ടുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഗായകന്‍. എന്നാല്‍ പലതും തനിക്ക് അറിയുന്നതല്ലെന്നും കോണ്‍സെപ്റ്റ് കിട്ടിയ ശേഷം ചാറ്റ് ജി.പി.ടിയോ നിഘണ്ടുവോ നോക്കി കണ്ടുപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെടിയെ നശിപ്പിക്കുന്ന പ്രാണികളെന്തെല്ലാമാണെന്ന് നോക്കിയപ്പോഴാണ് പച്ചത്തുള്ളന്‍, പീലിമുട്ട, ഇലപ്പേന്‍ തുടങ്ങിയ വാക്കുകള്‍ കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഴ 2. Photo: X.com
പതിവ് രീതിയിലുള്ള ഗാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കി ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് രജത് പ്രകാശും ദില്‍ റൂഹും ചേര്‍ന്നാണ്. ഇതില്‍ ആകര്‍ഷകമായ കുട്ടകളുടെ ഭാഗം പാടിയിരിക്കുന്നത് സാത്‌വികയും നിള രാജുമാണ്.
Content Highlight: Music director Hatsmith talks about his song Vanila chediye in vaazha 2