മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രദ്ധേയനായ സംഗീതസംവിധായക കൂട്ടുകെട്ടാണ് ബേണി-ഇഗ്നേഷ്യസ്. കള്ളിപ്പൂങ്കുയിലേ, മയിലായ് പറന്നു വാ, കഥയിലെ രാജകുമാരനും, ആവണി പൊന്നൂഞ്ഞാൽ, താമരപ്പൂവിൽ വാഴും, തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ഇവരാണ്.
1997-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലെ ഒന്നാം വട്ടം കണ്ടപ്പോൾ എന്ന പാട്ടിന്റെ സംഗീതനിർമ്മാണ വേളയിലുണ്ടായ ചില രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് സംഗീതസംവിധായകൻ ബേണി. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേണി. Photo. Screen grab/ Youtube
ഒന്നാം വട്ടം കണ്ടപ്പോൾ എന്ന് ഗാനത്തെക്കുറിച്ച് ആദ്യം സംവിധായകൻ പ്രിയദർശനുമായി സംസാരിച്ചപ്പോൾ, ചിത്രത്തിലെ സന്ദർഭത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞ് നിരസിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ തന്നെ നിർദേശപ്രകാരം ആ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് ബേണി ഓർത്തെടുക്കുന്നു.
‘ഒന്നാം വട്ടം കണ്ടപ്പോൾ എന്ന പാട്ടിന്റെ ട്യൂൺ ആദ്യം കേൾപ്പിച്ചപ്പോൾ, ചിത്രത്തിലെ സാഹചര്യത്തിന് ചേരുന്നതല്ല ഇതെന്നാണ് പ്രിയദർശൻ പറഞ്ഞത്. അങ്ങനെ ആ ട്യൂൺ മാറ്റിവെച്ചു. പിന്നീട് മൂന്നോ നാലോ പാട്ടുകൾ ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ ഒരു പാട്ട് കൂടി വേണമെന്ന സാഹചര്യം വന്നു. അപ്പോഴാണ് മാറ്റിവെച്ച ആ ട്യൂണിന്റെ കാര്യം ഓർമവന്നത്. അത് വീണ്ടും കേൾപ്പിച്ചപ്പോൾ ഗിരീഷ് പുത്തഞ്ചേരി പെട്ടെന്ന് തന്നെ വരികൾ എഴുതി. പാട്ടിന്റെ പല്ലവി കേട്ടപ്പോൾ പ്രിയന് അത് വളരെ ഇഷ്ടമായി.
അപ്പോൾ ഞാൻ ചോദിച്ചു, ചേട്ടനല്ലേ ഈ പാട്ടിന് സിറ്റുവേഷൻ ഇല്ലെന്ന് പറഞ്ഞത് എന്ന്. ഏയ്, ഇത്രയും നല്ലൊരു പാട്ട് എങ്ങനെയാ വേണ്ടെന്നുവെക്കുക, നമുക്ക് ഈ പാട്ടിനുവേണ്ടി നായികയെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ച് ഒരു സിറ്റുവേഷൻ ഉണ്ടാക്കാം എന്നായിരുന്നു പ്രിയന്റെ മറുപടി,’ ബേണി പറഞ്ഞു
ഗാനത്തിലെ കൊന്നരി കൊന്നരി കോനാരി കത്തിനക്കിനി നാച്ചിരേ… എന്ന് തുടങ്ങുന്ന വരികൾ പാട്ടിനുവേണ്ടി ഉണ്ടാക്കിയ ഒരു കള്ള ഭാഷയാണെന്നും, ഗിരീഷ് പുത്തഞ്ചേരിക്ക് അങ്ങനെയൊന്ന് എഴുതാൻ പറ്റിയില്ല എന്നും. അതിനാൽ ആ വരികൾ സംവിധായകൻ പ്രിയദർശന്റെ സംഭാവനയായിരുന്നു എന്ന് ബേണി ഓർത്തെടുക്കുന്നു.
‘പാട്ടിന്റെ ഓർക്കസ്ട്രേഷൻ തയ്യാറാക്കാൻ ഇരുന്നപ്പോൾ പ്രിയൻ പറഞ്ഞത്, നമുക്കൊരു ജിബ്ബറിഷ് കൊണ്ടുവരാം എന്നാണ്. ഞാൻ ആദ്യമായാണ് ആ വാക്ക് കേൾക്കുന്നത്. ഏതോ ഒരു അന്യഭാഷയാണെന്ന് തോന്നിക്കുന്ന തരത്തിൽ ഒരു കള്ള ഭാഷ ഉണ്ടാക്കുക, എന്നിട്ട് അതിന് നല്ലൊരു ആകർഷകമായ ട്യൂൺ കൊടുത്താൽ ആളുകൾക്ക് വേഗത്തിൽ ഇഷ്ടപ്പെടുമെന്നാണ് പ്രിയൻ പറഞ്ഞത്.
പക്ഷെ ഗിരീഷ് പുത്തഞ്ചേരി പ്രിയനോട് എനിക്ക് ഈ പണി പറ്റില്ല എന്ന് പറഞ്ഞു. അപ്പോൾ പ്രിയൻ പറഞ്ഞു, ശരി, എന്നാൽ അത് ഞാൻ നോക്കാം എന്ന്. അങ്ങനെയാണ് കൊന്നരി കൊന്നരി കോനാരി… എന്ന വരികൾ ഉണ്ടാകുന്നത്. ഇതിലെ തമാശ എന്തെന്നുവെച്ചാൽ, ഇന്നും നമ്മുടെ നാട്ടിലെ ഗാനമേളക്കാർ ആ വരികളെന്തോ മലയാളം വാക്കുകൾ പോലെയാണ് പാടുന്നത്,’ ബേണി പറഞ്ഞു.
ഒന്നാം വട്ടം കണ്ടപ്പോൾ ഗാനം ചന്ദ്രലേഖ. Photo. Screen grab/ Yotube