മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രദ്ധേയനായ സംഗീതസംവിധായക കൂട്ടുകെട്ടാണ് ബേണി-ഇഗ്നേഷ്യസ്. കള്ളിപ്പൂങ്കുയിലേ, മയിലായ് പറന്നു വാ, കഥയിലെ രാജകുമാരനും, ആവണി പൊന്നൂഞ്ഞാൽ, താമരപ്പൂവിൽ വാഴും, തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ഇവരാണ്.
1997-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലെ ഒന്നാം വട്ടം കണ്ടപ്പോൾ എന്ന ഗാനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ബേണി.
ബേണി. Screen grab/ Youtube
ഒന്നാം വട്ടം കണ്ടപ്പോൾ എന്ന ഗാനം പാടുവാനായി ആദ്യം വലിയ റെക്കമൻഡേഷനോടെ ഒരു പ്രശസ്ത ഗായികയായിരുന്നു വന്നിരുന്നതെന്നും. എന്നാൽ ചിത്രത്തിൽ പൂജ ബത്ര അവതരിപ്പിച്ച ഊർജ്ജസ്വലയായ പെൺകുട്ടിയുടെ ഫീൽ ആ പാട്ടിലേക്ക് കൊണ്ടുവരാൻ അവർക്ക് സാധിച്ചില്ല എന്ന് ബേണി വെളിപ്പെടുത്തുന്നു.
‘ഒന്നാം വട്ടം കണ്ടപ്പോൾ എന്ന ഗാനം പാടാൻ വളരെ പ്രശസ്തയായ മറ്റൊരു ഗായികയായിരുന്നു വന്നിരുന്നത്, അതും വലിയൊരു റെക്കമൻഡേഷനിലൂടെ. എന്നാൽ പാട്ടിന്റെ തുടക്കത്തിലെ അപ്പുക്കുട്ടാ തൊപ്പിക്കാരാ എന്ന വരി അവർക്ക് ആ ഒരു ഫീലിൽ കിട്ടുന്നുണ്ടായിരുന്നില്ല. കാരണം സിനിമയിലെ നായികയായ പൂജ ബത്ര വളരെ ജിൽ ജിൽ സ്വഭാവമുള്ള പെൺകുട്ടിയാണ്. അതിനാൽ പാട്ടിലും ആ ഒരു ഫീൽ കൊണ്ടുവരേണ്ടതുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
പിന്നീട് പാട്ടിലെ മറ്റു വരികൾ പാടിത്തുടങ്ങിയപ്പോൾ അതൊരു ഭക്തിഗാനത്തിന്റെ ഫീലിലായിരുന്നു വന്നിരുന്നതെന്നും ബേണി ഓർത്തെടുക്കുന്നു.
‘ഗംഭീരമായ ഓർക്കസ്ട്രയിലായാലും വരികൾ എഴുതിയതിലായാലും, ഒരു പാട്ടിന്റെയും കഥാപാത്രത്തിന്റെയും സ്വഭാവത്തെ ഉൾക്കൊണ്ട് അതിനോട് ചേർന്നുവേണം മുന്നോട്ടുപോകാൻ. പിന്നീട് ഒന്നാം വട്ടം കണ്ടപ്പോൾ എന്ന് തുടങ്ങുന്ന വരി പാടിത്തുടങ്ങിയപ്പോഴും അതൊരു ഭക്തിഗാനത്തിന്റെ ഫീലിലായിരുന്നു വന്നിരുന്നത്. എത്രതന്നെ ശ്രമിച്ചിട്ടും അവർക്ക് അത് ശരിയാകുന്നുണ്ടായിരുന്നില്ല, ബേണി പറഞ്ഞു.
അതിനുശേഷം ഗായിക കെ.എസ്. ചിത്ര ആ ഗാനം എളുപ്പത്തിൽ പാടിത്തീർത്തു എന്നും. ഒരു പാട്ടിന്റെ വിഷ്വൽ മനസിൽ കണ്ടുകൊണ്ട് പാടാൻ സാധിക്കുന്ന തരത്തിലുള്ള കഴിവ് ഉള്ളതുകൊണ്ടാണ് ചിത്രയ്ക്ക് അതിന് സാധിച്ചതെന്നും ബേണി കൂട്ടിച്ചേർത്തു.
‘പിന്നീട് ഗായിക കെ.എസ്. ചിത്ര ആ ഗാനം ആലപിക്കാനായി വരികയും വളരെ എളുപ്പത്തിൽ, പത്ത് മിനിറ്റുകൊണ്ടാണ് അപ്പുക്കുട്ടാ… എന്ന വരികളൊക്കെ കൃത്യമായ ഫീലിൽ അവർ പാടിത്തീർത്തത്. ചിത്രയൊക്കെ ഇത്രയും കാലമായി സംഗീതമേഖലയിൽ പിടിച്ചുനിൽക്കുന്നത് വെറുതെയല്ല. കൃത്യമായ അധ്വാനവും ജന്മവാസനയും ഒപ്പം ഭാവനയുമുണ്ട്. അതായത്, വിഷ്വൽ മനസ്സിൽ കണ്ടുകൊണ്ട് പാടാൻ സാധിക്കുന്ന തരത്തിലുള്ള ഗായികയുടെ കഴിവുകൊണ്ടാണ് അവർക്ക് അതിന് സാധിച്ചത്. അത് വളർത്തിയെടുത്താൽ മാത്രമേ ഗായകർക്ക് ദീർഘകാലം നിലനിൽക്കാൻ സാധിക്കുകയുള്ളൂ. സംഗീതമേഖലയിലേക്ക് വരുന്ന പുതിയ ആളുകൾക്ക് ഒരു പാഠമാണ് ഇവരൊക്കെ,’ ബേണി പറഞ്ഞു.
ഒന്നാം വട്ടം കണ്ടപ്പോൾ ഗാനം. പൂജ ബത്ര. മോഹൻലാൽ. ചന്ദ്രലേഖ. Photo. Screen grab/ Youtube