നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ സിനിമയുടെ സംഗീതത്തിനായി മൂന്ന് വർഷത്തോളം പ്രവർത്തിച്ചെന്നും ഈ ചിത്രത്തിനായി 10–12 സിനിമകൾ ഒഴിവാക്കിയെന്നും തുറന്നു പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. ചിത്രത്തിലെ ‘രാവണ താണ്ഡവ്’ സംഗീതം അന്തിമമാക്കുന്നതിന് മുമ്പ് 12–13 പതിപ്പുകൾ ഒരുക്കിയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.ഐയിൽ സംവിധായകൻ ഭാരത് ബാലയുടെ ‘ബനാറസ്’ സിനിമയുടെ പ്രദർശനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് റഹ്മാൻ ഇക്കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
‘രാമായണത്തിന്റെ സംഗീതത്തിനായി മൂന്ന് വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ചില സംഗീതരചനകൾക്ക് 12–13 പതിപ്പുകൾ വരെ ഉണ്ടായിരുന്നു. ‘രാവണ താണ്ഡവിന്’ തന്നെ 12–13 പതിപ്പുകൾ ഒരുക്കിയ ശേഷമാണ് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്ന് കണ്ടെത്തിയത്. ആ പ്രക്രിയ മനോഹരമായിരുന്നു’, റഹ്മാൻ പറഞ്ഞു.
Goa international film festival. Photo. Screen Grab/ Youtube
സിനിമയുടെ സംഗീതത്തിനായി മറ്റ് പ്രോജക്ടുകൾ മാറ്റിവെച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘രാമായണ’ത്തിന്റെ സംഗീതത്തിൽ മുഴുകാൻ ഏകദേശം 10–12 സിനിമകൾ ഒഴിവാക്കിയെന്നും അതിൽ അഭിമാനമുണ്ടെന്നും റഹ്മാൻ വ്യക്തമാക്കി.
‘രാമായണത്തിനായി ഞാൻ ഏകദേശം 10–12 സിനിമകൾ ഒഴിവാക്കി. ഈ സിനിമയുടെ സംഗീതത്തിനായി ആ സമയത്ത് പൂർണമായി അതിൽ തന്നെ മുഴുകണമെന്ന് ആഗ്രഹിച്ചു. ഒരുപാട് വലിയ സംവിധായകരുടെ സിനിമകൾ പോലും ഒഴിവാക്കിയിട്ടുണ്ട്. അതിൽ എനികിപ്പോൾ അഭിമാനമുണ്ട്’, അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സംഗീതവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഗീതശൈലികളും ഒരുമിപ്പിക്കുന്നതിലെ വെല്ലുവിളിയെക്കുറിച്ചും റഹ്മാൻ സംസാരിച്ചു. ഇന്ത്യൻ സംഗീതത്തിന്റെ പാരമ്പര്യവും ആധുനിക സംഗീതവും ഒരുമിച്ച് കൊണ്ടുവരുന്നത് വെല്ലുവിളിയാണെങ്കിലും തനിക്ക് രണ്ടും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
രാമായണ. Photo. Screen Grab/ Youtube
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. ഹോളിവുഡ് സംഗീതസംവിധായകൻ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 1500 കോടിയിലധികം കരസ്ഥമാക്കി ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Content Highlight: Music director A.R. Rahman stated that he had to turn down 10–12 films for ‘Ramayana’.