മലയാളത്തിലും തമിഴിലുമായി വ്യത്യസ്ത സംഗീതശൈലികളിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകനും ഗായകനും വയലിനിസ്റ്റുമാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന പ്രശസ്ത മ്യൂസിക് ബാൻഡിന്റെ സ്ഥാപകനും അംഗവും മുൻനിര സംഗീതജ്ഞനുമായ അദ്ദേഹം, മധുരം, പടവെട്ട്, മെയ്യഴകൻ, 96 , ബ്ലൂ സ്റ്റാർ, ചിന്ന ചിന്ന ആസൈ, തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തന്റേതായ സംഗീതഭാഷ സൃഷ്ടിച്ചിട്ടുണ്ട്. 96 എന്ന സിനിമയിലെ പാട്ടുകളാണ് ഗോവിന്ദ് വസന്തക്ക് പ്രതേക ഫാൻ ബേസ് ഉണ്ടാക്കി കൊടുത്തത്.
എന്നാൽ ഇപ്പോഴത്തെ പല പാട്ടുകളും തനിക്ക് വൈകാരികമായി കണക്ട് ചെയ്യുന്നില്ലെന്നും ഇതിലും മികച്ച ട്രെൻഡുകൾ നമ്മൾ അർഹിക്കുന്നുണ്ടെന്നും പറയുകയാണ് ഗോവിന്ദ് വസന്ത. സംഗീതമേഖലയിൽ ജോലി ചെയ്യുമ്പോൾ പുതിയ ട്രെൻഡുകൾ മനസിലാക്കുകയും അവ എന്തുകൊണ്ടാണ് സ്വീകരിക്കപ്പെടുന്നതെന്ന് പഠിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദ് വസന്തയുടേ പ്രതികരണം.
ഗോവിന്ദ് വസന്ത. Photo. Screen Grab/ Youtube
‘മ്യൂസിക് ഡയറക്ഷൻ എന്റെ ജോലിയാണ്. ഒരു ജോലി ചെയ്യുമ്പോൾ നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായി പുതിയ ട്രെൻഡുകൾ മനസിലാക്കുകയും അവ എന്തുകൊണ്ടാണ് ആളുകൾ സ്വീകരിക്കുന്നതെന്ന് പഠിക്കുകയും വേണം. ആ ട്രെൻഡുകൾ എങ്ങനെ കൂടുതൽ മികച്ചതാക്കാമെന്ന് ചിന്തിക്കേണ്ടതും എന്റെ കടമയാണ്. അതുകൊണ്ടാണ് ഇത്തരം ട്രെൻഡുകളുടെ ഭാഗമാകാൻ ഞാൻ ശ്രമിക്കുന്നത്. അല്ലാതെ മാറിനിന്ന് ഇതെന്താണ് ഇങ്ങനെയെന്ന് ജഡ്ജ് ചെയ്യുന്നതിനോട് എനിക്ക് വലിയ താത്പര്യമില്ല,’ ഗോവിന്ദ് വസന്ത പറഞ്ഞു.
എന്നാൽ ഒരു ശ്രോതാവ് എന്ന നിലയിൽ ഇപ്പോഴത്തെ പല പാട്ടുകളും തനിക്ക് ആസ്വദിക്കാൻ കഴിയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലപ്പോൾ അതിന് കാരണം തനിക്കുണ്ടായേക്കാവുന്ന ‘അമ്മാവൻ സിൻഡ്രോം’ ആകാമെന്നും 38 വയസായതുകൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഗോവിന്ദ് വസന്ത. Photo. Screen Grab/ Youtube
‘ഞാൻ കേൾക്കുന്ന പുതിയ പാട്ടുകളിൽ ഭൂരിഭാഗവും എനിക്ക് വർക്ക് ചെയ്യാറില്ല. ചിലപ്പോൾ ഈ പറയുന്ന അമ്മാവൻ സിൻഡ്രോം എന്നെ ബാധിച്ചതുകൊണ്ടായിരിക്കാം. ഇപ്പോൾ 38 വയസായില്ലേ, അതുകൊണ്ടുമാകാം. പല പാട്ടുകളിലും കഥയില്ലാത്തതുപോലെയും വൈകാരികമായൊരു ബന്ധം തോന്നാത്തതുപോലെയും അനുഭവപ്പെടാറുണ്ട്. റിഥം, ബേസ്, ഹുക്ക്, ഡാൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പാട്ടുകളായാണ് പലപ്പോഴും തോന്നുന്നത്. ഒരു ശ്രോതാവ് എന്ന നിലയിൽ എനിക്ക് തോന്നുന്നത് നമ്മൾ ഇതിലും മികച്ച ട്രെൻഡുകൾ അർഹതപെടുന്നുണ്ട് എന്നുള്ളതാണ്,’ അദ്ദേഹം വ്യക്തമാക്കി.
Content Highlight: Music composer and singer Govind Vasantha states that many contemporary songs fail to establish an emotional connection with him, and adds that we deserve better trends than these