ബംഗ്ലാദേശിനായി മറ്റൊരു ടെസ്റ്റ് സെഞ്ച്വറി കൂടി നേടി തിളങ്ങുകയാണ് സൂപ്പര്‍ താരം മുഷ്ഫിഖുര്‍ റഹീം. അയര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിലെ രണ്ടാം ദിവസമാണ് താരം മൂന്നക്കം കടന്നത്. 214 പന്തുകള്‍ നേരിട്ട താരം അഞ്ച് ഫോര്‍ ഫോറടക്കം 106 റണ്‍സാണ് അടിച്ചെടുത്തത്.
രണ്ടാം ദിവസം കളിക്കാനെത്തുമ്പോള്‍ സെഞ്ച്വറിക്കായി റഹീം ഒരു റണ്‍സ് മാത്രമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം കളി അവസാനിക്കുമ്പോള്‍ 187 പന്തില്‍ 99 റണ്‍സ് എന്നതായിരുന്നു താരത്തിന്റെ സ്‌കോര്‍. ഇന്ന് നേരിട്ട എട്ടാം പന്തിലായിരുന്നു മുന്‍ നായകന്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇതോടെ ടെസ്റ്റില്‍ 13ാം സെഞ്ച്വറി കുറിക്കാനും താരത്തിന് സാധിച്ചു. ഈ ഒറ്റൊരു മത്സരത്തോടെ മുഷ്ഫിഖുര്‍ റഹീം തന്നെ താനൊരു ഇതിഹാസമാണെന്ന് വീണ്ടും അടിവരയിടുകയാണ്.
മറ്റൊരു സെഞ്ച്വറി നേട്ടത്തോടെ റഹീം ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്നവരില്‍ മുമ്പിലെത്തി. മോമീനുള്‍ ഹഖിനൊപ്പമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഈ നേട്ടത്തില്‍ തലപ്പത്തുള്ളത്. തന്റെ നൂറാം മത്സരത്തിലായിരുന്നു ബംഗ്ലാ ഇതിഹാസത്തിന്റെ ഈ ചരിത്ര നേട്ടം.
അയര്‍ലാന്‍ഡിനെതിരെ കളിക്കാന്‍ ഇറങ്ങി റഹീം കടുവകള്‍ക്കായി 100 ടെസ്റ്റ് കളിക്കുന്ന ആദ്യ താരമായി മാറിയിരുന്നു. ഒപ്പം ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിക്കുന്ന താരമെന്ന നേട്ടം അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ കരിയറിലെ സ്‌പെഷ്യല്‍ നാഴികക്കല്ല് പിന്നിട്ട മത്സരത്തില്‍ സെഞ്ച്വറി തികച്ച് താരം മറ്റൊരു ലിസ്റ്റിലും തന്റെ പേര് ചേര്‍ത്തു. കരിയറിലെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍ക്കൊപ്പമാണ് വലം കൈയ്യന്‍ ബാറ്റര്‍ ഇടം പിടിച്ചത്. ഈ ലിസ്റ്റില്‍ 11ാമനായാണ് താരമെത്തിയത്.
ഈ നേട്ടങ്ങളെല്ലാം മുഷ്ഫിഖുര്‍ റഹീമെന്ന താരത്തിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ താരം അടിച്ചെടുത്ത റണ്‍സും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഇതുവരെ ഈ ഫോര്‍മാറ്റില്‍ താരം 6457 റണ്‍സ് നേടിയിട്ടുണ്ട്. ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബംഗ്ലാദേശ് താരവും ഈ 38കാരന്‍ തന്നെയാണ്.
റഹീം പ്രായമിത്രയായിട്ടും ഇപ്പോഴും ബാറ്റിങ്ങില്‍ ജ്വലിക്കുകയാണ്. ബംഗ്ലാദേശില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്നാണ് മുന്‍ നായകന്‍ ഈ സെഞ്ച്വറിയിലൂടെ പറഞ്ഞു വെക്കുന്നത്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമ്മുക്കും താരത്തെ അക്ഷരം തെറ്റാതെ ഇതിഹാസമെന്ന് തന്നെ വിളിക്കാനാവും.
Content Highlight: Mushfiqur Rahim is one of the best Test batter in the history of Bangladesh Cricket