പാട്‌ന: ബീഹാറിലെ ജന്‍ സൂരജ് അനുയായി ദുലാര്‍ ചന്ദ് യാദവിന്റെ കൊലപാതകത്തില്‍ മുന്‍ എം.എല്‍.എയും ജെ.ഡി.യു നേതാവുമായ അനന്ത് സിങ് അറസ്റ്റില്‍. ഇന്നലെ (ശനി) രാത്രിയില്‍ ബാര്‍ഹിലെ വീട്ടില്‍ നടന്ന പൊലീസ് റെയ്ഡിലാണ് അനന്ത് സിങ് പിടിയിലായത്.
അനന്തിന് പുറമെ മണികാന്ത് താക്കൂര്‍, രഞ്ജിത്ത് റാം എന്നീ യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. ദുലാര്‍ ചന്ദിന്റേത് കൊലപാതകമെന്ന് മനസിലാക്കിയതോടെ തങ്ങളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പാട്‌ന സീനിയര്‍ പൊലീസ് സൂപ്രണ്ട് കാര്‍ത്തികേയ ശര്‍മ പറഞ്ഞു.
ശ്വാസകോശത്തില്‍ ശക്തമായ പ്രഹരമേറ്റതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് യാദവിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാഴാഴ്ച പാട്‌നയിലെ മൊകാമ മേഖലയില്‍ നടന്ന ജന്‍ സൂരജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യാദവ് മരിച്ചത്.
മൊകാമയിലെ ബദൗര്‍, ഘോശ്വരി എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്ക് സമീപത്തായാണ് സംഭവം നടന്നത്. നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരും സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും എസ്.എസ്.പി കാര്‍ത്തികേയ ശര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജന്‍ സൂരജ് സ്ഥാനാര്‍ത്ഥിയായ പ്രിയദര്‍ശിനി പിയൂഷിനെ പിന്തുണച്ചത് യാദവിന്റെ കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് നിഗമനം. പിയൂഷിന്റെ പ്രചരണത്തിനിടെയാണ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യാദവിന്റെ മരണത്തില്‍ നാല് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഒന്ന് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ടതാണെന്നാണ് വിവരം. ഒരു എഫ്.ഐ.ആറിലാണ് അനന്ത് സിങ്ങിനെ പ്രതി ചേര്‍ത്തിട്ടുള്ളത്.
ചോദ്യം ചെയ്യലില്‍ തന്റെ അനുയായികളുമായുണ്ടായ സംഘര്‍ഷത്തിലാണ് യാദവ് മരിച്ചതെന്ന് അനന്ത് സിങ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സിങ്ങിന്റെ മൊഴിയില്‍, കൊലപാതകത്തിന്റെ ഉത്തരവാദിത്തം സൂരജ് ഭാന്‍ എന്നയാളില്‍ ചുമത്താന്‍ ശ്രമിച്ചെന്നും പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സൂരജ് ഭാനിന്റെ പങ്കാളി വീണ ദേവി ആര്‍.ജെ.ഡിയുടെ സ്ഥാനാര്‍ത്ഥിയാണ്. മാത്രമല്ല, ഗുണ്ടാ പശ്ചാത്തലമുള്ള അനന്ത് സിങ്ങിന്റെ പഴയകാല എതിരാളിയുമാണ് സൂരജ് ഭാന്‍. അതേസമയം അനന്ത് സിങ്ങിന്റെ പങ്കാളി നീലം ദേവി നിലവില്‍ മൊകാമയില്‍ നിന്നുള്ള എം.എല്‍.എയുമാണ്.
വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിട്ടുണ്ട്. പാട്‌ന പൊലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റാനും മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. മൊകാമ സീറ്റിലെ റിട്ടേര്‍ണിങ് ഓഫീസര്‍മാര്‍ കൂടിയായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കമ്മീഷന്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlight: Murder of Jan Suraaj follower; JDU leader Anant Singh arrested in Bihar