കണ്ണൂർ: പയ്യന്നൂരിലെ സി.പി.ഐ.എം പ്രവർത്തകൻ സി.വി ധനരാജിന്റെ കൊലപാതകത്തിൽ ആദ്യമൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. 16 പേരെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷൻ പരാജയമെന്നും വിചാരണ കോടതി പറഞ്ഞു.
കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി പറഞ്ഞു.
ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒന്നാം സാക്ഷിയുടെ മൊഴിയിൽ കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും ധനരാജിന്റെ മരണമൊഴി നിലൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
2016 ജൂലൈ 11-ന് രാത്രി പത്ത് മണിയോടെ രാമന്തളി കുന്നരു കാരന്താട്ടെ വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽ വെച്ചാണ് ബൈക്കുകളിലെത്തിയ സംഘം ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്.
20 ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ . ഇതിൽ പന്ത്രണ്ടാം പ്രതിയായിരുന്ന സി. ബിജു പിന്നീട് മരിച്ചു. ഒന്നാം പ്രതി ടി.പി. ബിജു ഉൾപ്പെടെയുള്ള 19 പേരാണ് വിചാരണ നേരിട്ടത്.
Content Highlight: Murder of Dhanaraj; Prosecution failed to establish political motive: Court