| Friday, 2nd May 2025, 10:51 am

ബജ്‌രംഗദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; ദക്ഷിണ കന്നടയില്‍ സംഘപരിവാര്‍ ബന്ദിനിടെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: ബജ്‌രംഗദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നടയില്‍ ബന്ദ് പ്രഖ്യാപിച്ച് സംഘപരിവാര്‍. നിരവധി കേസുകളില്‍ പ്രതിയായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സംഘപരിവാറിന്റെ ബന്ദ് പ്രഖ്യാപിച്ചത്. ഇന്നലെ (വ്യഴാഴ്ച്ച) രാത്രിയോടെ ഇയാളെ ഒരു സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഫാസില്‍ എന്നയാളെ ആള്‍ക്കൂട്ട മര്‍ദ്ദനത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. ഇന്നലെ രാത്രി 8.30 ഓടെയാണ് ഇയാളെ അക്രമി സംഘം കൊലപ്പെടുത്തുന്നത്.

അതേസമയം മംഗളൂരുവില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ അനുപാല്‍ അഗര്‍വാള്‍ പറഞ്ഞു. കടകള്‍ അടച്ചിട്ടതും ഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തത്‌ ജില്ലയിലുടനീളമുള്ള ജനജീവിതം തടസപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അന്വേഷണ സംഘങ്ങള്‍ പ്രതികളെ കണ്ടുപിടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ചില ബസുകള്‍ക്ക് നേരെ ചില അക്രമികള്‍ കല്ലെറിയാന്‍ ശ്രമിച്ചതോടെ ബന്ദിനിടെ സംഘര്‍ഷമുമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ക്രമസമാധാനം ഉറപ്പാക്കാന്‍ നഗരത്തില്‍ മതിയായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കൊലപാതകം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടാന്‍ നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര റാവു പ്രതികരിച്ചു.

‘ഇന്നലെ വൈകുന്നേരം മംഗളൂരു നഗരത്തില്‍ ഒരു കൊലപാതകം നടന്നു. ഇതിനകം സംഭവം നിരീക്ഷിക്കുകയും കുറ്റവാളികളെ പിടികൂടാന്‍ ഞങ്ങള്‍ നാല് വ്യത്യസ്ത ടീമുകളെ നിയോഗിച്ചിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.

Content Highlight: Murder of Bajrang Dal worker; Sangh Parivar declares bandh in Dakshina Kannada

Latest Stories

We use cookies to give you the best possible experience. Learn more