ന്യൂദൽഹി: ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ഗസയില്‍ അൽ ജസീറയിലെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി.
‘അൽ ജസീറയിലെ അഞ്ച് മാധ്യമപ്രവർത്തകരുടെ ക്രൂരമായ കൊലപാതകം ഫലസ്തീനിലെ മറ്റൊരു ഹീന കുറ്റകൃത്യമാണ്. സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരുടെ ധൈര്യത്തെ ഇസ്രഈല്‍ ഭരണകൂടത്തിന്റെ അക്രമത്തിനും വിദ്വേഷത്തിനും ഒരിക്കലും തകര്‍ക്കാനാവില്ല. മാധ്യമങ്ങളില്‍ ഭൂരിഭാഗവും അധികാരത്തിനും വാണിജ്യത്തിനും അടിമപ്പെട്ടിരിക്കുന്ന ലോകത്ത് മാധ്യമപ്രവര്‍ത്തനം എന്താണെന്ന് നമ്മെ ഓര്‍മിപ്പിച്ചു. അവർക്ക് നിത്യശാന്തി ലഭിക്കട്ടെ.’ പ്രിയങ്ക എക്സിൽ കുറിച്ചു.
ഇസ്രഈല്‍ വംശഹത്യ നടത്തുകയാണെന്നും ഫലസ്തീന്‍ ജനതക്ക് മേല്‍ അക്രമണം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാണിക്കുന്ന മൗനം ലജ്ജാകരമാണെന്നും പ്രിയങ്ക എക്‌സില്‍ മറ്റൊരു എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
ഇസ്രഈല്‍ വംശഹത്യ നടത്തുകയാണെന്നും ഇതുവരെ 60,000 ആളുകളെ കൊന്നൊടുക്കിയെന്നും പ്രിയങ്ക പറഞ്ഞു. അതില്‍ 18430 പേര് കുട്ടികളാണെന്നും നൂറുകണക്കിന് ആളുകളെ പട്ടിണിയിലാക്കിയെന്നും പ്രിയങ്ക പറയുന്നു. ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതും കുറ്റമാണെന്നും ഫലസ്തീനുമേല്‍ ഇസ്രഈല്‍ നാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്,’ പ്രിയങ്ക മറ്റൊരു എക്‌സില്‍ കുറിച്ചു.
ഗസയിലെ അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്‌സിന് എതിര്‍വശത്ത് മാധ്യമപ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്ന ടെന്റിന് നേരേയാണ് വെടിവെപ്പ് നടന്നത്. അല്‍ ജസീറയുടെ ലേഖകനായ അനസ് അല്‍-ഷെരീഫ്, സഹ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖ്രീഖ്, ഫോട്ടോഗ്രാഫര്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.
അല്‍ ജസീറയുടെ റിപ്പോര്‍ട്ടറായ അനസ് അല്‍-ഷെരീഫ് ഒരു ഹമാസ് പ്രവര്‍ത്തകനാണെന്ന് ഇസ്രഈല്‍ സൈന്യം ആരോപിച്ചിരുന്നു. ഷെരീഫ് പത്രപ്രവര്‍ത്തകനായി വേഷംമാറി തങ്ങള്‍ക്കെതിരെ സ്ഥിരമായി ഷെല്‍ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാറുണ്ടെന്നും ഇസ്രഈല്‍ ആരോപിച്ചിരുന്നു. പ്രസ് ബാഡ്ജ് ഭീകരതയ്ക്കുള്ള ഒരു കവചമല്ല എന്നും അല്‍ ജസീറ ഹമാസ് പ്രവര്‍ത്തകരെ റിപ്പോര്‍ട്ടിങ് ടീമുമായി സംയോജിപ്പിക്കാറുണ്ടെന്നും സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം അക്രമണത്തെ അൽ ജസീറ അപലപിച്ചു. ഗസയിൽ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ തുടക്കം മുതല്‍ തന്നെ ലോകത്തെ ഞങ്ങൾ അറിയിച്ചിരുന്നു. ഇതിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ മനപൂര്‍വമാണ് വെടിയുതിര്‍ത്തതെന്നും അൽ ജസീറ പറഞ്ഞു.
Content Highlight: Murder of Al Jazeera journalists a heinous crime committed by Israel: Priyanka Gandhi