| Saturday, 9th August 2025, 7:33 am

പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ കഴിയില്ല: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുട്ടികളുടെ പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ തുടങ്ങിയാല്‍ ജനങ്ങള്‍ക്ക് നീതിന്യായസംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്ന് ഹൈക്കോടതി. വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കൊലപാതക കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഭര്‍ത്താവിന് തന്റെ ഗര്‍ഭപരിചരണത്തിന് പരോള്‍ നല്‍കണമെന്ന ഭാര്യയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജയില്‍വാസം എന്നാല്‍ ഭൗതികമായ ആവശ്യങ്ങളുടെ നിയന്ത്രണം മാത്രമല്ല മൗലിക അവകാശങ്ങളുടെ കൂടി നിയന്ത്രണം ആണെന്നും ജസ്റ്റിസ് പി. വി കുഞ്ഞുകൃഷ്ണന്‍ ഉത്തരവില്‍ പറയുന്നു.

ജയിലില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ പ്രതിയുടെ ഭാര്യയാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. 42കാരിയായ അവര്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെയാണ് രണ്ടുമാസം ഗര്‍ഭിണിയായത്. ഏറെ മാനസികസമ്മര്‍ദം അനുഭവിക്കുന്ന സമയമായതിനാല്‍ ഭര്‍ത്താവിന്റെ പരിചരണം അനിവാര്യമാണെന്നും അതുകൊണ്ട് പരോള്‍ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചെങ്കിലും ബെഞ്ച് ഇവരുടെ ആവശ്യം തള്ളുകയായിരുന്നു.

ഭാര്യയുടെ ഗര്‍ഭകാലപരിചരണത്തിനായി തടവുകാരന് പരോളിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അങ്ങനെ പരോള്‍ നല്‍കിയാല്‍ പിന്നെ സാധാരണപൗരനും കുറ്റവാളിയും തമ്മില്‍ അന്തരമില്ലാതാകുമെന്നും കുറ്റവാളികള്‍ക്ക് സാധാരണ പൗരരെപ്പോലെ ജീവിതം ആസ്വദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇരയുടെ കുടുംബം ഈ സമൂഹത്തിലുണ്ടെന്ന് ഓര്‍ക്കണമെന്നും ഇത്തരത്തില്‍ പരോള്‍ അനുവദിച്ചാല്‍ അവര്‍ക്ക് നീതിന്യായസംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്നും ജസ്റ്റിസ് പി. വി കുഞ്ഞുകൃഷ്ണന്‍ പറഞ്ഞു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ ഒഴികെയുള്ള ഏതൊരു തടവുകാരനും വളരെ അടുത്ത ബന്ധുക്കളുടെ മരണം, ഗുരുതരമായ രോഗം, വളരെ അടുത്ത ബന്ധുക്കളുടെ വിവാഹം, വീട് ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നുവീഴുക തുടങ്ങിയ സാഹചര്യങ്ങളിലല്ലാതെ പെട്ടന്നുള്ള പരോളിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlight: Murder convict‘s request for parole to care for his wife’s pregnancy denied High Court 

We use cookies to give you the best possible experience. Learn more