ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലെ തന്റെ മോശം ബൗളിങ് പ്രകടനത്തെയോര്‍ത്ത് സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജ് നിരാശനായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. ഡെത്ത് ഓവറില്‍ റണ്‍ വഴങ്ങിയതടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കാര്‍ത്തിക്കിന്റെ വിമര്‍ശനം.
മത്സരത്തില്‍ ഒരു റണ്ണിനാണ് ക്യാപ്പിറ്റല്‍സ് വിജയിച്ചതെങ്കിലും സിറാജ് എറിഞ്ഞ 19ാം ഓവറിലാണ് ടീം മത്സരത്തിലേക്ക് മടങ്ങി വന്നത്. 19ാം ഓവറില്‍ രണ്ട് സിക്‌സറും രണ്ട് ഫോറും അടക്കം 23 റണ്‍സ് സിറാജിന് വഴങ്ങേണ്ടി വന്നു.
മുഹമ്മദ് സിറാജ്
ഇതോടെ ക്യാപ്പിറ്റല്‍സിന് വിജയിക്കാന്‍ രണ്ട് ഓവറില്‍ 36 റണ്‍സ് വേണമെന്നത് ഒരു ഓവറില്‍ 13 എന്ന നിലയിലേക്ക് മാറി. അവസാന ഓവറില്‍ ക്യാപ്പിറ്റല്‍സ് 11 റണ്‍സ് മാത്രം നേടിയതടെ ടൈറ്റന്‍സ് ആദ്യ ജയവും സ്വന്തമാക്കി.
‘അവന്‍ തീര്‍ത്തും മോശം ഓവറാണ് എറിഞ്ഞത്. ഇതിനോടകം സ്വയം സെറ്റ് ചെയ്ത നിലവാരത്തോട് താരതമ്യം ചെയ്യുമ്പോള്‍ തന്റെ ചോയ്‌സ് ഓഫ് ഡെലിവെറികളില്‍ അദ്ദേഹം തീര്‍ത്തും അസ്വസ്ഥനാകും. എന്താണ് താന്‍ ചെയ്തതെന്നോര്‍ത്ത് നിരാശനാകും. അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നെല്ലാം പന്തെറിയുമ്പോള്‍ സിറാജ് ചിന്തിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ചിലപ്പോള്‍ അവന്റെ എക്‌സിക്യൂഷന്‍ പാളിപ്പോകും,’ മുരളി കാര്‍ത്തിക് പറഞ്ഞു.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് ഒരു വിക്കറ്റ് മാത്രമാണ് സിറാജിന് നേടിയത്. എക്കോണമിയാകട്ടെ 13.00ഉം. ടൈറ്റന്‍സ് നിരയിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമായിരുന്നു ഇത്.
അവസാന ഓവറില്‍ തോല്‍വി മുമ്പില്‍ കണ്ട ശേഷമായിരുന്നു ടൈറ്റവന്‍സിന്റെ വിജയം. അവസാന ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ 13 റണ്‍സാണ് ക്യാപ്പിറ്റല്‍സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാനെത്തിയ പ്രസിദ്ധ് കൃഷ്ണയെ വിപ്രജ് നിഗം ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് വരവേറ്റു. ആദ്യ പന്തില്‍ ഫോര്‍ വഴങ്ങിയെങ്കിലും രണ്ടാം പന്തില്‍ വിപ്രജിനെ മടക്ക് പ്രസിദ്ധ് തിരിച്ചടിച്ചു.
നാല് പന്തില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ കുല്‍ദീപ് യാദവ് സിംഗിള്‍ നേടി സ്‌ട്രൈക് ഡേവിഡ് മില്ലറിന് കൈമാറി. നാലാം പന്തില്‍ മില്ലര്‍ പ്രസിദ്ധിനെ സിക്‌സറിന് തൂക്കിയതോടെ രണ്ട് പന്തില്‍ രണ്ട് എന്ന നിലയിലേക്ക് വിജയലക്ഷ്യം മാറി.
എന്നാല്‍ അവസാന രണ്ട് പന്തിലും റണ്‍സ് വഴങ്ങാതെ പ്രസിദ്ധ് പന്തെറിഞ്ഞതോടെ ടൈറ്റന്‍സ് ഒരു റണ്ണിന് വിജയം സ്വന്തമാക്കി.
മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് തോല്‍വിയും ഒരു വിജയവുമായി രണ്ട് പോയിന്റോടെ ആറാമതാണ് ടൈറ്റന്‍സ്.
ഏപ്രില്‍ 12നാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ ഹോം സ്‌റ്റേഡിയമായ എകാനയാണ് വേദി.
Content highlight: Murali Kartik about Mohammed Siraj’s bowling performance against Delhi Capitals