| Wednesday, 12th August 2026, 8:37 pm

കരിയറിന്റെ അവസാന ഘട്ടത്തിലേക്കാണ് അദ്ദേഹം കടന്നുകൊണ്ടിരിക്കുന്നത്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെക്കുറിച്ച് മുരളി കാര്‍ത്തിക്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെക്കുറിച്ച് സംസാരിച്ച് മുന്‍ താരം മുരളി കാര്‍ത്തിക്. നിലവില്‍ അദ്ദേഹത്തിന്റെ പ്രായം 30 പിന്നിട്ടിരിക്കുകയാണെന്നും കരിയറിന്റെ അവസാന ഘട്ടത്തിലേക്കാണ് ജഡേജയെന്നും കാര്‍ത്തിക് പറഞ്ഞു. ഇനി എത്രകാലം അദ്ദേഹം കളിക്കുമെന്ന് നമുക്ക് അറിയില്ലെന്നും സ്ഥാനം കൈമാറുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നും കാര്‍ത്തിക് പറഞ്ഞു.

‘അടുത്ത തവണ രവീന്ദ്ര ജഡേജ എന്നെ കാണുമ്പോള്‍ എന്നെ ഇടിച്ചേക്കാം. നിലവില്‍ അദ്ദേഹം മുപ്പതുകള്‍ പിന്നിട്ട പ്രായത്തിലാണ്. കരിയറിന്റെ അവസാന ഘട്ടത്തിലേക്കാണ് അദ്ദേഹം കടന്നുകൊണ്ടിരിക്കുന്നത്. ഇനി എത്രകാലം അദ്ദേഹം കളിക്കുമെന്ന് നമുക്ക് അറിയില്ല. അതുകൊണ്ടുതന്നെ, ആ സാഹചര്യത്തില്‍ അടുത്ത തലമുറയിലേക്ക് ബാറ്റണ്‍ കൈമാറുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കേണ്ടിവരും,’ സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കിലെ ചര്‍ച്ചയില്‍ മുരളി കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 2012ല്‍ അരങ്ങേറ്റം കുറിച്ച ജഡേജ മൂന്ന് വര്‍ഷത്തോളം ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നില്ല. എന്നാല്‍ 2015 മുതല്‍ അങ്ങോട്ട് ജഡേജക്ക് ഇന്ത്യന്‍ ടീമിനൊപ്പം സുവര്‍ണ കാലഘട്ടമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയാണ് ജഡേജ ഐതിഹാസികമായ ഒരു ടെസ്റ്റ് കരിയര്‍ സ്വന്തമാക്കിയത്.

ആറ് സെഞ്ച്വറികളും 28 അര്‍ധ സെഞ്ച്വറികളും അടക്കം 4095 റണ്‍സാണ് ബാറ്റിങ്ങില്‍ ജഡേജ അടിച്ചെടുത്തത്. ബൗളിങ്ങില്‍ 348 തവണയാണ് ജഡേജ എതിരാളികളെ പുറത്താക്കിയത്. ശ്രീലങ്കക്കെതിരെ ജഡേജ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളും സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

ശ്രീലങ്ക സ്‌ക്വാഡ്

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചണ്ഡിമല്‍, പസിന്ദു സൂരിയബന്ധാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്ത, മിലന്‍ രത്നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക

Content Highlight: Murali Karthik Talking About Ravindra Jadeja

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more