| Friday, 27th November 2026, 7:21 am

അവന്‍ കരയുകയാണോ? ഇന്ത്യന്‍ താരത്തെ വീണ്ടും ഒഴിവാക്കി; പ്രതികരിച്ച് മുരളി കാര്‍ത്തിക്

ശ്രീരാഗ് പാറക്കല്‍

ക്രിക്കറ്റ് സര്‍ക്കിളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഇന്ത്യയുടെ പ്ലെയിങ് ഇലവനാണ്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇലവനിലും സൂപ്പര്‍ താരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്താത്തതാണ് ഇതിന് കാരണം. ആദ്യ ടെസ്റ്റില്‍ നിന്നും താരത്തെ ഒഴിവാക്കിയതിന് പിന്നാലെ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ മുരളി കാര്‍ത്തിക്.

സിറാജ് വളരെ വൈകാരികമായ വ്യക്തിയാണെന്നും ടീമില്‍ ഇടം ലഭിക്കാത്തതില്‍ വേദനിക്കുന്നുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോം മോശമാണെങ്കില്‍ താരത്തെ എന്തിനാണ് ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹം ചോദിച്ചു.

മുഹമ്മദ് സിറാജ്

‘അവന്‍ കരയുകയാണോ? കാരണം അവന്‍ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ്. ടീമില്‍ നിന്ന് ഒഴിവാക്കിയാലും ചിലര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ ചിലര്‍ക്ക് കളിക്കണമെന്നത് വലിയ ആഗ്രഹമാണ്. കാലില്‍ വേദനയുണ്ടെങ്കിലും തലവേദനയുണ്ടെങ്കിലും അവര്‍ തങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കും. സിറാജ് അങ്ങനെയുള്ള താരമാണ്.

ചിലപ്പോള്‍ അവന്‍ തന്റെ ഉള്ളിലെ വേദന പുറത്തുകാണിക്കില്ല. കാരണം ഏകദിന ടീമില്‍ നിന്നും അവനെ ഒഴിവാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയും അവസാന പരിഗണനയായിട്ടാണ് അവന് അവസരം ലഭിച്ചത്. ഇതെല്ലാം ഒരു താരത്തെ വേദനിപ്പിക്കും.

അവന്റെ ഫോം മോശമാണെന്നോ നെറ്റ്‌സില്‍ നന്നായി പന്തെറിയുന്നില്ലെന്നോ ആണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോയി ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണ്? സ്‌ക്വാഡില്‍ പോലും എടുക്കേണ്ടതില്ലായിരുന്നല്ലോ?,’ മുരളി കാര്‍ത്തിക് സോണി സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഹേഗ്‌ലി ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ 37 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. ടോം ലാതം 56 റണ്‍സും ഹെന്റിക് നിക്കോളാസ് 15 റണ്‍സും നേടി ക്രീസിലുണ്ട്. 31 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കി ഗുര്‍ണൂര്‍ ബ്രാറാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്.

Content Highlight: Murali Karthik Talking About Indian Pacer Mohammed Siraj

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more