| Thursday, 9th April 2026, 2:04 pm

അവന്‍ ബാറ്റ് പിടിക്കാന്‍ അറിയാത്തവനല്ല; തോല്‍വിക്ക് പിന്നാലെ മില്ലറിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം

ആദർശ് എം.കെ.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിയില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരം ഡേവിഡ് മില്ലറിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. ക്യാപ്പിറ്റല്‍സ് ഒരു റണ്ണിന് തോറ്റ മത്സരത്തില്‍ 20ാം ഓവറിലെ അഞ്ചാം പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക് കുല്‍ദീപ് യാദവിന് കൈമാറാന്‍ വിസ്സമതിച്ച മില്ലറിന്റെ നടപടിയെ മുരളി കാര്‍ത്തിക് ചോദ്യം ചെയ്തു.

കുല്‍ദിപ് യാദവ് ഒട്ടും ബാറ്റിങ് അറിയാത്ത താരമല്ലെന്നും അഞ്ചാം പന്തില്‍ മില്ലര്‍ സിംഗിള്‍ നേടണമായിരുന്നു എന്നും ക്രിക്ബസ്സില്‍ മുരളി കാര്‍ത്തിക് പറഞ്ഞു.

മുരളി കാര്‍ത്തിക്

‘അവന്‍ (കുല്‍ദീപ് യാദവ്) ബാറ്റ് ചെയ്യാനറിയാത്ത 11ാം നമ്പര്‍ താരമല്ല. ബാറ്റ് കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഒരു യൂസ് ലെസ് 11ാം നമ്പര്‍ താരമായിരുന്നെങ്കില്‍ മില്ലറിന്റെ തീരുമാനം എനിക്ക് മനസിലാകുമായിരുന്നു.

എന്നാല്‍ കുല്‍ദീപ് ഇതിനോടകം തന്നെ ഒരു സിംഗിള്‍ നേടിയിരുന്നു, നിങ്ങള്‍ക്ക് ഇതേക്കുറിച്ച് അവനോട് സംസാരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. സിംഗിള്‍ സേവ് ചെയ്യാന്‍ എല്ലാ താരങ്ങളെയും സര്‍ക്കിളിനുള്ളിലേക്ക് കൊണ്ടുവരേണ്ടി വരുമെന്നതിനാല്‍ എതിരാളികള്‍ക്ക് മേലും സമ്മര്‍ദമുണ്ടാകുമായിരുന്നു,’ മുരളി കാര്‍ത്തിക് പറഞ്ഞു.

അവസാന ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ 13 റണ്‍സാണ് ക്യാപ്പിറ്റല്‍സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാനെത്തിയ പ്രസിദ്ധ് കൃഷ്ണയെ വിപ്രജ് നിഗം ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് വരവേറ്റു. ആദ്യ പന്തില്‍ ഫോര്‍ വഴങ്ങിയെങ്കിലും രണ്ടാം പന്തില്‍ വിപ്രജിനെ മടക്കി പ്രസിദ്ധ് തിരിച്ചടിച്ചു.

നാല് പന്തില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ കുല്‍ദീപ് യാദവ് സിംഗിള്‍ നേടി സ്ട്രൈക് ഡേവിഡ് മില്ലറിന് കൈമാറി. നാലാം പന്തില്‍ മില്ലര്‍ പ്രസിദ്ധിനെ സിക്സറിന് തൂക്കിയതോടെ രണ്ട് പന്തില്‍ രണ്ട് എന്ന നിലയിലേക്ക് വിജയലക്ഷ്യം മാറി.

അഞ്ചാം പന്തില്‍ ഷോര്‍ട്ട് ബോള്‍ കൊണ്ട് വിറപ്പിക്കാന്‍ പ്രസിദ്ധ് ശ്രമിച്ചെങ്കിലും മില്ലര്‍ ഷോട്ട് കളിച്ചു. എളുപ്പത്തില്‍ സിംഗിള്‍ നേടി സ്‌കോര്‍ ലെവല്‍ ചെയ്യാന്‍ അവസരമുണ്ടായെങ്കിലും മില്ലര്‍ സിംഗിള്‍ നിഷേധിക്കുകയായിരുന്നു.

അവസാന പന്തില്‍ പ്രസിദ്ധിന്റെ ബൗണ്‍സര്‍ മില്ലറിന് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. എങ്കിലും സിംഗിളിനായി മറുവശത്ത് നിന്ന് കുല്‍ദീപ് ശ്രമിച്ചെങ്കിലും ഉന്നം തെറ്റാതെ വിക്കറ്റിനെറിഞ്ഞ് കൊള്ളിച്ച് ബട്‌ലര്‍ റണ്‍ഔട്ടാക്കുകയായിരുന്നു. ഇതോടെ ഒരു റണ്ണിന് ടൈറ്റന്‍സ് വിജയിച്ചു.

Content highlight: Murali Karthik slams David Miller

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more