| Sunday, 10th August 2025, 3:06 pm

കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന നിമിഷം സിനിമയും കലയും ചെയ്യാന്‍ പറ്റാതാകും: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനൊരു രാഷ്ട്രീയക്കാരനല്ലെന്നും താന്‍ സോഷ്യല്‍ ഒബ്‌സെര്‍വര്‍ മാത്രമാണെന്നും പറയുകയാണ് മുരളി ഗോപി. താന്‍ നാളെ രാഷ്ട്രീക്കാരനാകില്ലെന്നും രാഷ്ട്രീയക്കാരനായി ഇറങ്ങിയാല്‍ ആ നിമിഷം ആര്‍ട്ടിസ്റ്റിക്കായ എല്ലാ കാര്യങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിസ്റ്റിക്കായ എല്ലാ കാര്യങ്ങളും അവസാനിക്കുക മാത്രമല്ല, താനത് നിര്‍ത്തേണ്ട ആവശ്യം വരുമെന്നും മുരളി പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് ഒരു ആര്‍ട്ടിസ്റ്റായിരിക്കാന്‍ സാധിക്കില്ലെന്നാണ് മുരളി ഗോപി പറയുന്നത്.

‘കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ നിങ്ങള്‍ ഒരാളുടെ കുടയുടെ താഴെയാകും. ഐഡിയോളജിക്കല്‍ അംബ്രല്ല ആണെങ്കിലും അല്ലാതെയുള്ള അംബ്രല്ല ആണെങ്കിലും ഒരുപോലെയാണ്.

നമുക്ക് അവിടെയൊരു സ്ഥാനമുണ്ടായാല്‍ പിന്നെ നമ്മുടെ ശബ്ദത്തിന് യാതൊരു വിലയും ആധികാരികതയും ഉണ്ടാവില്ല. കക്ഷി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ആ നിമിഷം സിനിമയോ കലയോ ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരും,’ മുരളി ഗോപി പറയുന്നു.

സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ കൊണ്ട് സിനിമയില്‍ ചര്‍ച്ചകള്‍ വരുമ്പോള്‍, അത് എത്രത്തോളം മുരളി ഗോപി എന്ന ഫിലിംമേക്കറെ നിരാശനാക്കാറുണ്ട് എന്ന ചോദ്യത്തിനും അദ്ദേഹം അഭിമുഖത്തില്‍ മറുപടി നല്‍കി.

‘നമ്മള്‍ അപ്പോള്‍ നിരാശരാകില്ലെന്ന് പറയാന്‍ സാധിക്കില്ല. നമ്മള്‍ നിരാശരാകും. പക്ഷെ അതുമായി ജീവിക്കുക എന്നതാണ് കാര്യം. അത് ഞാന്‍ ചെയ്യാറുണ്ട്. പക്ഷെ അതൊന്നും എന്നെ ഒരു പരിധിയില്‍ കൂടുതല്‍ എഫക്ട് ചെയ്യാന്‍ അനുവദിക്കാറില്ല. എഫക്ട് ചെയ്താല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാനാകില്ല,’ മുരളി ഗോപി പറഞ്ഞു.

നമ്മള്‍ ജീവിക്കുന്നയിടം ഒരുപാട് റെസിസ്റ്റന്‍സും കണ്‍ട്രോളുമൊക്കെയുള്ള സ്ഥലമാണെന്നും പക്ഷെ നമ്മളെ ധരിപ്പിച്ചിരിക്കുന്നത് നമ്മളൊരു വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ സ്വാതന്ത്ര്യത്തോടു കൂടി ജീവിക്കുന്നു എന്നാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അത് അങ്ങനെയല്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: Murali Gopy Talks About Party Politics And Cinema

We use cookies to give you the best possible experience. Learn more