നമ്മള്‍ ജീവിക്കുന്നയിടം ഒരുപാട് റെസിസ്റ്റന്‍സും കണ്‍ട്രോളുമൊക്കെയുള്ള സ്ഥലമാണെന്നും എന്നാല്‍ നമ്മളെ ധരിപ്പിച്ചിരിക്കുന്നത് നമ്മളൊരു വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ സ്വാതന്ത്ര്യത്തോടു കൂടി ജീവിക്കുന്നു എന്നാണെന്നും മുരളി ഗോപി.
എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ കൊണ്ട് സിനിമയില്‍ ചര്‍ച്ചകള്‍ വരുമ്പോള്‍, അത് എത്രത്തോളം മുരളി ഗോപി എന്ന ഫിലിംമേക്കറെ നിരാശനാക്കാറുണ്ട്’ എന്ന ചോദ്യത്തിന് സൈന സൗത്ത് പ്ലസിനോട് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ അപ്പോള്‍ നിരാശരാകില്ലെന്ന് പറയാന്‍ സാധിക്കില്ല. നമ്മള്‍ നിരാശരാകും. പക്ഷെ അതുമായി ജീവിക്കുക എന്നതാണ് കാര്യം. അത് ഞാന്‍ ചെയ്യാറുണ്ട്. പക്ഷെ അതൊന്നും എന്നെ ഒരു പരിധിയില്‍ കൂടുതല്‍ എഫക്ട് ചെയ്യാന്‍ അനുവദിക്കാറില്ല. എഫക്ട് ചെയ്താല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാനാകില്ല,’ മുരളി ഗോപി പറഞ്ഞു.
ഇത്തരം ബാഹ്യ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ താന്‍ എന്താണ് ചെയ്യുകയെന്ന ചോദ്യത്തിന് ഇന്ത്യന്‍ നിയമവ്യവസ്ഥയെ അംഗീകരിച്ചു കൊണ്ട് തന്നെ തനിക്ക് ചെയ്യാന്‍ പറ്റുന്നത് താന്‍ ചെയ്യുമെന്നായിരുന്നു മുരളി ഗോപിയുടെ മറുപടി. അതില്‍ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറയുന്നു.
താനൊരു ടെലിഫോണിക് പേഴ്‌സണല്ലെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ ശബ്ദത്താല്‍ ചുറ്റപ്പെട്ടവരാണെന്നും അത് മാക്‌സിമം കുറക്കാന്‍ നോക്കുന്ന ഒരാളാണ് താനെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
അപ്പോള്‍ മാക്‌സിമം ഇന്‍ട്രാക്ഷന്‍സും കുറക്കാന്‍ നോക്കുകയാണ് ചെയ്യുന്നതെന്നും നമുക്കൊരു പുസ്തകം വായിക്കാനുള്ള സാവകാശം പോലും ഈ മൊബൈല്‍ ഫോണുകള്‍ കാരണം ലഭിക്കുന്നില്ലെന്നും മുരളി ഗോപി പറയുന്നു.
Content Highlight: Murali Gopy Talks About Movie Discussion