| Monday, 28th July 2025, 1:42 pm

ഗാനരചയിതാവും ഗായകനുമാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൻ്റെ എഴുത്തിലൂടെ കൃത്യമായ രാഷ്ട്രീയം പറയുന്ന എഴുത്തുകാരനാണ് മുരളി ഗോപി. ലാൽ ജോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്തു.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങൾക്കാണ് അദ്ദേഹം തിരക്കഥയെഴുതിയത്.

എമ്പുരാന് കഥയെഴുതുന്നതിനൊപ്പം ടീസർ ഗാനമായ ‘കാവലായി ചേകവരുണ്ടോ’ എന്ന പാട്ടിന് വരികൾ എഴുതിയതും അദ്ദേഹമായിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മുരളി ഗോപി.

സിനിമാ ഗാനശാഖയോട് പണ്ടേ വലിയ കമ്പമുണ്ടായിരുന്നെന്നും ഗാന സാഹിത്യത്തോട് താത്പര്യം ഉണ്ടായിരുന്നെന്നും മുരളി ഗോപി പറയുന്നു. എന്നാലും, ഒരിക്കലും ഒരു ഗാനരചയിതാവും ഗായകനും ആകുമെന്ന് യൗവനകാലത്ത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അങ്ങനെ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അതങ്ങനെ വന്നു ഭവിച്ചതാണ്. ഇപ്പോൾ ഏകദേശം പതിനഞ്ചോളം പാട്ടുകൾ പാടി. അനന്തൻകാടിലേതുൾപ്പടെ ഏഴ് പാട്ടുകൾ എഴുതി. ഗാനരചന നടത്തിയതൊക്കെ ഞാൻ എഴുതിയ സിനിമകൾക്ക് വേണ്ടിയായിരുന്നു’ മുരളി ഗോപി പറയുന്നു.

തിരക്കഥ എഴുതുമ്പോൾ തന്നെ അതിന് വേണ്ടുന്ന സംഗീതവും ഗാനങ്ങളും മനസിൽ തെളിയാറുണ്ടെന്നും കവിതകൾ കുറിച്ചിടുന്ന സ്വഭാവവും തനിക്ക് ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഓർമയുള്ള കാലം മുതൽ പാട്ട് ഇഷ്‌ടമാണെന്നും എപ്പോഴും ചുണ്ടിലൊരു പാട്ട് ഉണ്ടാകുമെന്നും മുരളി ഗോപി പറഞ്ഞു. ശാസ്ത്രീയമായി സംഗീതം പഠിക്കാൻ തക്കവണ്ണം ശുഷ്‌ക്കാന്തി ഉണ്ടായിരുന്നില്ലെന്നും അമ്മയാണ് സംഗീതത്തിൽ എൻ്റെ ഗുരുവെന്നും അദ്ദേഹം പറയുന്നു.

‘അമ്മ പാടിത്തന്നിരുന്ന മനോഹരങ്ങളായ താരാട്ടുപാട്ടുകളാണ് ഓർമയിലുള്ള ആദ്യ സംഗീതം,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopy talking about Kavalayi Song From Empuraan

We use cookies to give you the best possible experience. Learn more