| Sunday, 20th July 2025, 10:04 am

സിനിമക്ക് വെല്ലുവിളി എ.ഐ അല്ല, അത് ഗെയിമിങ് ഇൻഡസ്ട്രി: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൻ്റെ എഴുത്തിലൂടെ കൃത്യമായ രാഷ്ട്രീയം പറയുന്ന എഴുത്തുകാരനാണ് മുരളി ഗോപി. ലാൽ ജോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തു. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങൾക്കാണ് അദ്ദേഹം തിരക്കഥയെഴുതിയത്.

എമ്പുരാനിലെ ചില സീനുകൾ വിവാദത്തിനിടയാക്കുകയും പിന്നീട് ആ സീൻ സിനിമയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ എ. ഐ സിനിമയെ ബാധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി.

എ.ഐ ഇപ്പോഴും സിനിമക്ക് ഒരു ഭീഷണിയല്ലെന്നും ഗെയിമിങ് ഇൻഡസ്ട്രിയാണ് സിനിമാമേഖല നേരിടുന്ന വെല്ലുവിളിയെന്നും മുരളി ഗോപി പറയുന്നു. തനിക്ക് ഭയമില്ലെന്നും ജനാധിപത്യ രാഷ്ട്രീയത്തിൽ ഒട്ടും അഭികാമ്യമല്ലാത്ത കാര്യം സെൻസർഷിപ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു മുരളി ഗോപി.

‘എ.ഐ ഇപ്പോഴും സിനിമക്ക് ഒരു ഭീഷണി ആയിട്ടില്ല. മാത്രവുമല്ല മനുഷ്യൻ്റെയുള്ളിലെ സർഗാത്മകതയുടെ ഒരു ദുർബലനായ ആജ്ഞാനുവർത്തിയോ സഹായിയോ ആയി നിലകൊള്ളാനേ അടുത്ത രണ്ടു മൂന്നു വർഷത്തേക്കെങ്കിലും, സിനിമാ മേഖലയിൽ അതിന് സാധിക്കൂ.

ഗെയിമിങ് ഇൻഡസ്ട്രിയിൽ നിന്നാണ് സിനിമ സമീപ ഭാവിയിൽ നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ ഭീഷണി എന്നു തോന്നുന്നു. ഇൻ്ററാക്ടീവ് ഗെയ്‌മിങ്‌ സിനിമയ്ക്ക് നേരെ പ്രകടമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

സമാധാനപരമായ സഹവാസം ഈ രണ്ട് ഇൻഡസ്ട്രികൾക്കുമിടയിൽ ഉണ്ടാകുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഈ ദശാബ്ദത്തിന്റെ അന്ത്യം മറ്റു പല മേഖലകൾക്കും എന്ന പോലെ സിനിമക്കും നിർണായകമാണെന്ന് തോന്നുന്നു.

ഒപ്പം കലാകാരൻ എന്ന നിലയിൽ ഭയക്കുന്ന കാര്യങ്ങളെപ്പറ്റിയും മുരളി ഗോപി സംസാരിച്ചു.

‘എനിക്ക് ഭയമില്ല. വിഷമിപ്പിക്കുന്ന അല്ലെങ്കിൽ ജനാധിപത്യ രാഷ്ട്രീയത്തിൽ ഒട്ടും അഭികാമ്യമല്ലാത്ത മൂന്ന് കാര്യങ്ങൾ ഏതെന്ന് ചോദിച്ചാൽ അത് സെൻസർഷിപ്പ്, സെൻസർഷിപ്പ്, സെൻസർഷിപ്പ് മാത്രം ആണ്,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopy says The challenge for cinema is not AI, it’s the gaming industry

We use cookies to give you the best possible experience. Learn more