മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ‘അനന്തൻകാട്’. 1989-90 കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ അരങ്ങേറിയ രാഷ്ട്രീയ സംഘർഷങ്ങളാണ് ഈ സിനിമയുടെ പ്രമേയം. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറും മുൻപ് പുറത്തുവന്ന ഗ്ലിംസ് വീഡിയോയും ഇതിനകം തന്നെ മാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
ഇപ്പോൾ തന്റെ സിനിമകളിലെ രാഷ്ട്രീയത്തെക്കുറിച്ചും താൻ നേരിട്ട രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് മുരളി ഗോപി. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുരളി ഗോപി ചിത്രങ്ങൾ.IMDB
‘ഞാൻ മുൻപും രാഷ്ട്രീയ വിവാദങ്ങൾ നേരിട്ടിട്ടുണ്ട്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ചെയ്തപ്പോഴും വലിയ വിവാദങ്ങളുണ്ടാവുകയും ഒരു വിഭാഗം ആളുകൾ ഞങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. ‘എമ്പുരാൻ’ ഇറങ്ങിയ സമയത്തും ഇതുപോലെയുള്ള വിവാദങ്ങൾ നേരിട്ടിരുന്നു. ഇതൊക്കെ നമ്മൾ മുൻകൂട്ടി പ്രതീക്ഷിക്കാറുള്ളതാണ്.
ഒരു എഴുത്തുകാരന് ചെയ്യാൻ കഴിയുന്നത് തന്റെ വർക്ക് പൂർത്തിയാക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക എന്നത് മാത്രമാണ്. അത് കഴിഞ്ഞാൽ പ്രേക്ഷകർ പറയുന്ന പ്രതികരണങ്ങൾ എന്താണെങ്കിലും ബഹുമാനപൂർവ്വം സ്വീകരിച്ചേ മതിയാകൂ. നമ്മുടെ സിനിമ അവിടെ സംസാരിച്ചുകൊള്ളും, നമ്മൾ അതിനെക്കുറിച്ച് പ്രത്യേകം സംസാരിക്കേണ്ട കാര്യമില്ല. പ്രേക്ഷകർ സിനിമ മോശമാണെന്ന് പറഞ്ഞാലും വളരെ നല്ലതാണെന്ന് പറഞ്ഞാലും അത് സ്വീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. വിജയമായാലും പരാജയമായാലും അമിതമായ വികാരപ്രകടനം പാടില്ല.
അനന്തൻകാട്.Photo:IMDB
എന്റെ കരിയർ ആരംഭിക്കുന്നത് തന്നെ ‘രസികൻ’ എന്ന വലിയൊരു ബോക്‌സോഫീസ് പരാജയത്തോടെയാണ്. അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് എന്തെല്ലാം തരത്തിലുള്ള പ്രതികരണങ്ങളാണ് വരിക എന്നതിനെക്കുറിച്ച് അന്ന് മുതൽ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. നമ്മുടെ കരിയർ തന്നെ ഒരു വലിയ പരാജയത്തോടെ തുടങ്ങുമ്പോൾ, പിന്നീട് വരുന്ന വലിയ വിജയങ്ങളിലോ വലിയ പരാജയങ്ങളിലോ അമിതമായ വികാരപ്രകടനങ്ങൾ ഉണ്ടാവില്ല.
പരാജയങ്ങൾ നമ്മളെ ബാധിക്കുമെന്നത് തീർച്ചയാണ്, എങ്കിലും വിജയത്തെയും പരാജയത്തെയും ഒരുപോലെ നേരിടാനുള്ള മനസ്സ് എല്ലാ കലാകാരന്മാർക്കും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.ഇവിടെ എല്ലാത്തിനും കൃത്യമായ ഒരു സമയമുണ്ട്, ഒരു എക്‌സ്‌പയറി ഡേറ്റുണ്ട്. മനുഷ്യനായാലും മനുഷ്യന്റെ അഭിപ്രായങ്ങൾക്കായാലും ക്രിയേറ്റീവ് വർക്കുകൾക്കായാലും അതിലൊന്നും മാറ്റമില്ല. അതാണ് യാഥാർത്ഥ്യം എന്നിരിക്കെ, വിജയങ്ങളിൽ നമ്മൾ അമിതമായി സന്തോഷിക്കേണ്ട ആവശ്യമില്ല’, മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopi talks about the politics in his films