| Friday, 19th June 2026, 8:00 am

ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്താല്‍ അത് പ്രേക്ഷകര്‍ ശ്രദ്ധിക്കും; ദൃശ്യത്തിലെ കഥപാത്രത്തെ കുറിച്ച് മുരളി ഗോപി

അശ്വിന്‍ രാജേന്ദ്രന്‍

സമീപ കാലത്ത് മലയാള സിനിമയില്‍ ഏറ്റുവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട തിരക്കഥാകൃത്താണ് മുരളി ഗോപി. കൃത്യമായ രാഷ്ട്രീയം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളില്‍ പിറന്ന ചിത്രങ്ങളെല്ലാം സിനിമാ ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2025ല്‍ മുരളിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് വമ്പന്‍ ഹിറ്റടിച്ച എമ്പുരാനില്‍ ഗുജറാത്ത് കലാപം പരാമര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

തിരക്കഥാകൃത്ത് എന്നതിന് പുറമെ അഭിനേതാവ് എന്ന നിലയിലും മുരളി ഗോപി ഇന്ന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാണ്. 2004ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം രസികനില്‍ കാള ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയം തുടങ്ങിയ താരം ഭ്രമരം സിനിമയിലേതടക്കം ഒട്ടനവധി അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇതില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ഐ.ജി. തോമസ് ബാസ്റ്റിന്റേത്.

മുരളി ഗോപി. Photo: Facebook.com

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ദൃശ്യം 3 വലിയവിജയമായി മാറുകയും മുരളിയുടെ പ്രകടനത്തിന് വലിയ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മുരളി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തിരക്കഥയെഴുതി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം അനന്തന്‍ കാടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.

‘ദൃശ്യം 3യിലെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ക്യാരക്ടറിന് ലഭിച്ചിട്ടുണ്ട്. ഏത് റോള്‍ ചെയ്യുമ്പോഴും എന്റെ ബെസ്റ്റ് കൊടുക്കാന്‍ നോക്കുക എന്നല്ലാതെ അതിന് ഒരു പ്രതീക്ഷ വെച്ച് പുലര്‍ത്താറില്ല. സ്വാഭാവികമായും ഇതൊരു മോഹന്‍ലാല്‍ ചിത്രമാണ്. അതായത് മലയാളത്തിലെ ഏറ്റവും ലൗഡ് ആയിട്ടുള്ള സൂപ്പര്‍ സ്റ്റാറിന്റെ ഫിലിം. അതുകൊണ്ട് തന്നെ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ നിങ്ങള്‍ ഒരു കഥാപാത്രം നന്നായി ചെയ്താല്‍ വിസിബിളിറ്റി വളരെ കൂടുതലായിരിക്കും.

ദൃശ്യം 3. Photo: District

അതിനാല്‍ തന്നെ കഥാപാത്രത്തിന്റെ വിജയത്തിലെല്ലാം ലാലേട്ടന്‍ എന്ന ഫാക്ടറും കൂടെ ഉണ്ട്. ദൃശ്യം 3 കാണുന്ന ഭൂരിഭാഗം പേരും ആ ഫ്രാഞ്ചൈസിയുടെ ആരാധകരാണ്. അവരുടെ വീട്ടിലുള്ളവരെ പോലെ കാണുന്ന ഒരു ഫാമിലിയാണ് ജോര്‍ജുകുട്ടിയുടേത്. അവരുടെ ഫാമിലിയുടെ ഒരു ഭാഗമായി കാണുമ്പോള്‍ ആ സിനിമ എല്ലായിടത്തേക്കും എത്തും. അതുകൊണ്ട് കൂടിയാണ് ആ ക്യാരക്ടറിന് അത്രയും അനുമോദനം കിട്ടുന്നതെന്നാണ് ഞാന്‍ കരുതുന്നത്,’ മുരളി പറഞ്ഞു.

Content Highlight: Murali Gopi talks about his character in Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more