കൊച്ചി: എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന കാലമാണിതെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷമുള്ള മുരളി ഗോപിയുടെ ആദ്യ പ്രതികരണമാണ് ഇത്. സംവിധായകന്‍ പത്മരാജനെ അനുസ്മരിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം.
സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായെന്നും മുരളി ഗോപി ലേഖനത്തില്‍ പറയുന്നു. അവിശുദ്ധ രാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെ പോലും വിലയ്ക്ക് വാങ്ങുന്ന ഈ കാലത്ത് ഒരു വൃദ്ധനക്ഷത്രമായി പത്മരാജന്‍ മാറാതിരുന്നത് നന്നായിയെന്നും അദ്ദേഹം പറയുന്നു.
‘സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു ‘മാധ്യമ’മായി മാറിയ ഈ കാലത്ത്, എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ മുഖവും തലയും മനസും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന ഈ കാലത്ത്, ‘രാഷ്ട്രീയ ശരി’കളുടെ പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞ് മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളില്‍ കെട്ടിത്തൂക്കുന്ന ഈ കാലത്ത്, അവിശുദ്ധ രാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പൊലും വിലയ്ക്ക് വാങ്ങുന്ന ഈ കാലത്ത്, പൊരുതിനില്‍ക്കാന്‍ ഒരു യൗവനം പോലുമില്ലാതെ, തീവ്രവിഷാദം ബാധിച്ച് പതിയെ ഉറഞ്ഞ് ഇല്ലാതാവുന്ന ഒരു വൃദ്ധനക്ഷത്രമായി അദ്ദേഹം മാറാതിരുന്നത് എന്തുകൊണ്ടും നന്നായി,’ എന്നാണ് മുരളി ഗോപി എഴുതിയത്.
ഇപ്പോഴും എമ്പുരാനും സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കുമെതിരായ സൈബര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് മുരളി ഗോപിയുടെ ലേഖനം ചര്‍ച്ചയാകുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമായാണ് എമ്പുരാന്‍ റിലീസിനെത്തിയത്. സിനിമയിലെ ഏതാനും രംഗങ്ങള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും ചൊടിപ്പിച്ചിരുന്നു.
ഗുജറാത്ത് കലാപത്തെ അടക്കം തുറന്നുകാട്ടുന്ന സിനിമയിലെ രംഗങ്ങളാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. പിന്നാലെ സംവിധായകന്‍ പൃഥ്വിരാജ്, സിനിമയില്‍ പ്രധാന കഥാപാത്രമായെത്തിയ മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
തുടര്‍ന്ന് എമ്പുരാനില്‍ നിന്ന് ഈ രംഗങ്ങള്‍ വെട്ടിമാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയും റീ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഖേദപ്രകടനം നടത്തുകയും അദേഹത്തിന്റെ പോസ്റ്റ് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. മറ്റൊരു നിർമാതാവായ ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും ആദായനികുതി വകുപ്പ് നോട്ടീസും അയച്ചിരുന്നു.
സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെയും പ്രതിഫലം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചായിരുന്നു ആദായ നികുതി വകുപ്പ് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. എന്നാല്‍ ഇത്രയധികം നടപടികളുണ്ടായിട്ടും എമ്പുരാന്‍ വിവാദത്തില്‍ മുരളി ഗോപി യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ പരോക്ഷമായാണെങ്കിലും എമ്പുരാനെതിരായ നടപടികള്‍ക്ക് മറുപടിയെന്നോണം മുരളി ഗോപി പ്രതികരിച്ചിരിക്കുകയാണ്.
Content Highlight: Murali Gopi’s first response after the Empuran controversies