കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ആരംഭമിട്ട് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുരളി ഗോപിയുടെ പുതിയ കവര്‍ ഇമേജാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സെന്‍സര്‍ഷിപ്പ്, ആള്‍കൂട്ട കൊലപാതകം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വാചകമാണ് ഇമേജില്‍ ഉള്ളത്.
‘ആൾക്കൂട്ട കൊലപാതകം നീതിയോട് ചെയ്യുന്നത് സെൻസർഷിപ്പ് കലയോട് ചെയ്യുന്നു,’ ഇമേജിലെ വാചകം. ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുരളി ഗോപിയുടെ പോസ്റ്റ്.
സിനിമയുടെ പേരിലും സിനിമയ്ക്കുള്ളിലെ കോടതി രംഗങ്ങളിലുള്ള പ്രയോഗങ്ങളിലും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കളെ സമീപിച്ചതോടെയാണ് വിവാദമുണ്ടായത്.
നിലവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സമ്മര്‍ദത്തിന് വഴങ്ങി സിനിമയുടെ പേരില്‍ മാറ്റം വരുത്താന്‍ നിര്‍മാതാക്കള്‍ നിർബന്ധിതരായിരിക്കുകയാണ്. ജാനകി എന്നത് ‘ജാനകി വി’ എന്ന് മാറ്റാമെന്നും കോടതി രംഗം രണ്ട് തവണ മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ സമ്മതിക്കുകയായിരുന്നു.
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള
സിനിമയില്‍ മറ്റൊരു മതക്കാരന്‍ ജാനകിയെ സഹായിക്കുന്നുണ്ടെന്നും ഇത്തരം സഹായങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമക്കെതിരെ രംഗത്തെത്തിയത്. 96ഓളം മാറ്റങ്ങളാണ് ആദ്യഘട്ടത്തില്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ നിന്നാണ് സെന്‍സര്‍ ബോര്‍ഡ് രണ്ട് മാറ്റങ്ങളിലേക്ക് എത്തിയത്.
മാറ്റങ്ങള്‍ വരുത്തുമെന്ന് അറിയിച്ചതിന് പിന്നാലെ സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്നും റിലീസ് തീയതി നീണ്ടുപോയാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മാറ്റങ്ങള്‍ വരുത്തിയ പ്രിന്റ് സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചതിന് ശേഷമായിരിക്കും സിനിമ റിലീസ് ചെയ്യുക.
ഇതിന്റെ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ മുരളി ഗോപി തിരക്കഥ ഒരുക്കിയ എമ്പുരാന്‍ സിനിമക്കെതിരെയും സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്.
റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറാനും എമ്പുരാന് കഴിഞ്ഞിരുന്നു. എന്നാല്‍ വ്യാപകമായ സംഘപരിവാര്‍ ആക്രമണമാണ് സിനിമയ്ക്ക് നേരെ ഉണ്ടായത്. സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ ഹിന്ദു വിരുദ്ധനായും ജിഹാദിയായും പ്രഖ്യാപിച്ചിരുന്നു. നടനായ മോഹന്‍ലാലിനെതിരെയും കടുത്ത സൈബര്‍ ആക്രമണമുണ്ടായി.
എമ്പുരാൻ
വിവാദം കനത്തതോടെ എമ്പുരാനില്‍ 17ലധികം മാറ്റങ്ങളാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വരുത്തിയത്. വില്ലന്‍ കഥാപാത്രത്തിന്റെ പേര് ഉള്‍പ്പെടെയാണ് മാറ്റിയത്. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേരും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങളും കട്ട് ചെയ്യുകയായിരുന്നു. ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും സിനിമയില്‍ മ്യൂട്ട് ചെയ്തിരുന്നു.
ഇതിനിടെ പൃഥ്വിരാജും മോഹന്‍ലാലും സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂരും ഖേദപ്രകടനം നടത്തിയിരുന്നു. അതേസമയം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോഴും മുരളി ഗോപി മൗനം പാലിക്കുകയായിരുന്നു.
Content Highlight: Censorship and moblynching; Murali Gopi’s new post sparks debate